15 പന്തില്‍ 24 റണ്‍സ്; മിന്നും തുടക്കം, പക്ഷേ അധികം നീണ്ടില്ല; സഞ്ജു മടങ്ങി
സിംബാബ്‍വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ കളിക്കാനിറങ്ങിയ സഞ്ജു സാംസണ്‍ 15 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ഇത്തവണയും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരം വീണത്. 2 സിക്‌സും ഒരു ഫോറും അടിച്ചാണ് മലയാളി താരത്തിന്റെ മടക്കം.
സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ സ്‌കോര്‍ 48ല്‍ നില്‍ക്കെയാണ് സഞ്ജുവിന്റെ മടക്കം. മുസര്‍ബാനിയുടെ പന്തില്‍ സഞ്ജുവിന്‍ റയാന്‍ ബുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
ടോസ് നേടി സിംബാബ്‍വെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. റിങ്കു സിങിനു പകരമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍. വാഷിങ്ടന്‍ സുന്ദറിനു പകരം വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും തിരികെ ഇലവനിലെത്തി. അഭിഷേക് ശര്‍മയും തിലക് വര്‍മയും സ്ഥാനം നിലനിര്‍ത്തി.ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം നേടിയാല്‍ സെമി സാധ്യത നിലനിര്‍ത്താന്‍ സാധിക്കും. വെസ്റ്റ് ഇന്‍ഡീസുമായി കനത്ത തോല്‍വി വഴങ്ങിയാണ് സിംബാബ്വെ ഇറങ്ങുന്നത്.
ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ.