സോഫ്റ്റ് ടെന്നീസിൽ ചരിത്രനേട്ടം; ജയ് മീനയിലൂടെ ഇന്ത്യയ്ക്ക് കന്നി ഏഷ്യൻ ഗെയിംസ് മെഡൽ

 

ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ ജയ് മീനയ്ക്ക് ചരിത്ര വിജയം. സെമിഫൈനലിൽ പൊരുതിവീണ മീന രാജ്യത്തിനായി വെങ്കല മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിന്റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

തന്റെ മൂന്നാം ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്ന 26-കാരനായ ജയ് മീന സെമിയിൽ ജപ്പാന്റെ കുറോസാക്കയോടാണ് പരാജയപ്പെട്ടത്. 45 മിനിറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ 2-4 (3-5, 1-4, 1-4, 4-1, 6-4, 1-4) എന്ന സ്കോറിനായിരുന്നു ജാപ്പനീസ് താരത്തിന്റെ ജയം. ആദ്യ മൂന്ന് ഗെയിമുകൾ കൈവിട്ട ശേഷവും ശക്തമായ തിരിച്ചുവരവ് നടത്തി മത്സരത്തിലേക്ക് തിരിച്ചെത്താൻ മീനയ്ക്ക് സാധിച്ചെങ്കിലും വിജയം തൊടാനായില്ല.

മധ്യപ്രദേശിലെ ദേവാസ് സ്വദേശിയായ ജയ് മീന 2022-ലെ നാഷണൽ ഗെയിംസ് സ്വർണമെഡൽ ജേതാവ് കൂടിയാണ്. തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ മീനയ്ക്കെതിരെ ആദ്യ രണ്ട് ഗെയിമുകൾ 5-3, 4-1 എന്ന സ്കോറിന് സ്വന്തമാക്കി കുറോസാക്ക തുടക്കത്തിൽ തന്നെ മേൽക്കൈ നേടിയിരുന്നു.