"സെലക്റ്റർമാരുടെ തീരുമാനം അംഗീകരിക്കുന്നു"; ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി ഗിൽ
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട നടപടിയിൽ ആദ്യമായി പ്രതികരണവുമായി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. സെലക്ടർമാരുടെ തീരുമാനത്തെ പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും ലോകകപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും താരം പറഞ്ഞു. ന്യൂസിലൻഡ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ഗില്ലിന്റെ പ്രതികരണം.
"എന്റെ ജീവിതത്തിൽ ഞാൻ എവിടെയായിരിക്കണമോ അവിടെ തന്നെയാണ് ഇപ്പോൾ എത്തിയിരിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വിധി മാറ്റാൻ ആർക്കും സാധിക്കില്ല. ലോകകപ്പ് ടീമിൽ ഇടം ലഭിച്ചിരുന്നുവെങ്കിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമായിരുന്നുവെന്ന് തന്നെയാണ് വിശ്വാസം. എങ്കിലും ഇന്ത്യ ഇത്തവണ കിരീടം നേടുമെന്ന് പ്രതീക്ഷിക്കുന്നു," ഗിൽ വ്യക്തമാക്കി. ടി20 ഫോർമാറ്റിലെ സമീപകാലത്തെ മോശം പ്രകടനമാണ് ഗില്ലിന് ടീമിൽ സ്ഥാനം നഷ്ടമാക്കിയത്. അവസാന 15 മത്സരങ്ങളിൽ നിന്ന് 24.25 ശരാശരിയിൽ 291 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി എളുപ്പമുള്ള ഏകദിന ഫോർമാറ്റ് തിരഞ്ഞെടുത്തെന്ന സഞ്ജയ് മഞ്ജരേക്കറുടെ പരാമർശത്തോടും ഗിൽ വിയോജിച്ചു. ഏകദിനം അത്ര എളുപ്പമുള്ള ഫോർമാറ്റാണെന്ന് താൻ കരുതുന്നില്ലെന്നും, അങ്ങനെയായിരുന്നുവെങ്കിൽ 2011-ന് ശേഷം ഇന്ത്യ ഒട്ടേറെ ഐസിസി കിരീടങ്ങൾ നേടുമായിരുന്നുവെന്നും ഗിൽ കൂട്ടിച്ചേർത്തു. ഇന്ത്യക്കായി 36 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗിൽ 138.59 സ്ട്രൈക്ക് റേറ്റിൽ 869 റൺസ് നേടിയിട്ടുണ്ട്.