‘മൂല്യം തെളിയിക്കേണ്ടിടത്ത് എനിക്ക് സ്ഥാനമില്ല’; ലോകകപ്പ് ചർച്ചകളിൽ മനസ്സുതുറന്ന് വിരാട് കോലി

 

2027-ലെ ഏകദിന ലോകകപ്പിൽ കളിക്കുമോ എന്ന ചർച്ചകൾ സജീവമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി സൂപ്പർ താരം വിരാട് കോലി. തന്റെ കഴിവും മൂല്യവും ഇനിയും തെളിയിക്കേണ്ടി വരുന്ന ഒരിടത്ത് തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെ കോലി പറഞ്ഞു. ഇത്രയധികം വർഷത്തെ സമർപ്പണത്തിന് ശേഷവും തന്റെ സ്ഥാനം നിരന്തരം ന്യായീകരിക്കേണ്ട അവസ്ഥ ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിക്കറ്റിനോടുള്ള തന്റെ അർപ്പണബോധത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും കരിയറിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന അതേ അച്ചടക്കവും തീവ്രതയും ഇന്നും നിലനിർത്തുന്നുണ്ടെന്നും കോലി വ്യക്തമാക്കി. ടീമിനായി 40 ഓവറും ബൗണ്ടറികളിൽ നിന്ന് ബൗണ്ടറികളിലേക്ക് ഓടാൻ പറഞ്ഞാൽ ഒരു പരാതിയും കൂടാതെ അത് ചെയ്യാൻ താൻ ഇന്നും തയ്യാറാണ്. ഓരോ പന്തും തന്റെ കരിയറിലെ അവസാന പന്താണെന്ന ചിന്തയോടെയാണ് കളിക്കളത്തിൽ ഇറങ്ങുന്നതെന്നും തന്റെ ശാരീരികക്ഷമതയും തയ്യാറെടുപ്പും വർഷം മുഴുവൻ നീണ്ടുനിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു പരമ്പരയ്ക്ക് തൊട്ടുമുൻപ് മാത്രം പരിശീലനം നടത്തുന്ന ശൈലി തനിക്കില്ലെന്നും കോലി വ്യക്തമാക്കി. ഈ വർഷമാദ്യം വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചത് ക്രിക്കറ്റിനോടുള്ള ഇഷ്ടം വീണ്ടും കണ്ടെത്താൻ സഹായിച്ചു. കാണികളില്ലാത്ത ഗ്രൗണ്ടിൽ കളിക്കുമ്പോൾ പോലും ബാറ്റിങ്ങിൽ നിന്ന് ലഭിക്കുന്ന സന്തോഷത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും കോലി പറഞ്ഞു. താരത്തിന്റെ ഈ പ്രസ്താവന വരാനിരിക്കുന്ന ലോകകപ്പിലെ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് വീണ്ടും സജീവമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.