സഹതാരങ്ങളോട് മത്സരിക്കാൻ താത്പര്യമില്ല, ആഗ്രഹം ആസ്വദിച്ച് കളിക്കാൻ: സഞ്ജു സാംസൺ

 

സ്വന്തം ടീമംഗങ്ങളോട് മത്സരിക്കാൻ തനിക്ക് ഒട്ടും താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. എതിർ ടീമിലെ താരങ്ങളോടാണ് മത്സരിക്കേണ്ടതെന്നും, അത്തരം നിർണായക പോരാട്ടങ്ങളിലാണ് തനിക്ക് താത്പര്യവും ഊർജവും ലഭിക്കുന്നതെന്നും സഞ്ജു വ്യക്തമാക്കി.

ന്യൂസീലൻഡ് പര്യടനത്തിനു ശേഷമാണ് ഈ രീതിയിൽ ചിന്തിക്കാൻ തുടങ്ങിയത്. അനാവശ്യ സമ്മർദങ്ങളില്ലാതെ കളി ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നത്. 'തന്നെ ആരും ഗൈഡ് ചെയ്യേണ്ടതില്ല' എന്ന മുൻ പ്രസ്താവനയും ഈ അർഥത്തിലാണ് പറഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയ തന്റെ വാക്കുകൾ പല രീതിയിൽ വ്യാഖ്യാനിച്ചതാണെന്നും, മുഴുവൻ അഭിമുഖം കണ്ടാൽ യഥാർഥ ഉദ്ദേശം മനസ്സിലാകുമെന്നും സഞ്ജു പറഞ്ഞു. തനിക്ക് ആത്മവിശ്വാസം കൂടിയിട്ടേയുള്ളൂവെന്നും നല്ല മത്സരങ്ങൾ കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായുള്ള 'എലിപ്പന്തയത്തിൽ' നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായി അടുത്തിടെ ജിയോസ്റ്റാറിലെ ഷോയിൽ സഞ്ജു പ്രതികരിച്ചിരുന്നു.