കോലിക്ക് കളിയില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഗില്‍
രാജ്യത്തിനായി നിരവധി മത്സരങ്ങള്‍ വിജയകരമായി ഫിനിഷ് ചെയ്തു കൊടുത്തിട്ടുള്ള വിരാട് കോലിക്ക് കളിയില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഗില്‍ വ്യക്തമാക്കി. 'രാജ്യത്തിനായി അത്രയധികം മത്സരങ്ങള്‍ ജയിപ്പിച്ചു തന്നിട്ടുള്ള, നിരന്തരം മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരാളെ നമ്മള്‍ എന്തിന് നിയന്ത്രിക്കണം? അന്നേ ദിവസം അദ്ദേഹത്തിന് എങ്ങനെയാണോ കളിക്കാന്‍ തോന്നുന്നത് അതുപോലെ കളിക്കട്ടെ. കാരണം അദ്ദേഹം ഫോമിലാകുമ്പോള്‍ ഒറ്റയ്ക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.' ഗില്‍ മത്സരശേഷം പറഞ്ഞു.
ഇതോടൊപ്പം ടീമിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളെക്കുറിച്ചും ഗില്‍ സംസാരിച്ചു. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമാക്കി മുന്നേറുന്ന ഇന്ത്യന്‍ ടീമിന് ബാറ്റിംഗ് നിരയില്‍ കൂടുതല്‍ ആഴം ആവശ്യമാണെന്ന് ഗില്‍ അഭിപ്രായപ്പെട്ടു. എട്ടാം നമ്പരില്‍ ബാറ്റ് ചെയ്യാനെത്തി 25-30 റണ്‍സ് സംഭാവന ചെയ്യാന്‍ കഴിയുന്ന ഒരു താരത്തെ കണ്ടെത്തേണ്ടത് നിര്‍ണായകമാണെന്നും, നിര്‍ണായക ഘട്ടങ്ങളില്‍ മികച്ച സ്‌കോര്‍ നേടാന്‍ ഇത് ടീമിനെ സഹായിക്കുമെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.