പാകിസ്ഥാനെതിരെ കളിക്കാനായി കൊളംബോയിലേക്ക് പോകും'; നിലപാട് വ്യക്തമാക്കി സൂര്യകുമാർ യാദവ്
ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിട്ടുള്ള പോരാട്ടത്തിനായി ഇന്ത്യൻ ടീം യാത്ര തിരിക്കുമെന്നും മറ്റ് കാര്യങ്ങൾ അവിടെ എത്തിയ ശേഷം തീരുമാനിക്കാമെന്നും സൂര്യകുമാര്‍ യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകകപ്പിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ വാർത്താ സമ്മേളനത്തിലാണ് സൂര്യകുമാറിന്‍റെ പ്രതികരണം.
ഞങ്ങൾ കൊളംബോയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഞങ്ങൾ എന്തായാലും കൊളംബോയിലേക്ക് പോകും, ബാക്കി കാര്യങ്ങൾ അവിടെ ചെന്നിട്ട് നോക്കാം എന്നായിരുന്നു സൂര്യകുമാർ യാദവ് പറഞ്ഞത്. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്‍റെ തന്ത്രങ്ങളെക്കുറിച്ചും ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷത്തെക്കുറിച്ചും സൂര്യകുമാർ യാദവ് പ്രതികരിച്ചു. ടീമിലെ ഓരോ അംഗവും വ്യക്തിഗത നേട്ടങ്ങൾക്ക് പകരം ടീമിന്‍റെ വിജയത്തിനായി കളിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. തിലകിന്‍റെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും പരിക്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സൂര്യ മറുപടി നല്‍കി. പരിക്കുമൂലം ന്യൂസിലൻഡ് പരമ്പര നഷ്ടമായ തിലത് തിരിച്ചെത്തിയപ്പോൾ കൂടുതൽ കരുത്തനായി മാറിയെന്ന് സൂര്യകുമാർ ചൂണ്ടിക്കാട്ടി.
വാഷിംഗ്ടണുമായി ഞങ്ങൾ സംസാരിച്ചു. അദ്ദേഹം തിരിച്ചുവരവിന്‍റെ പാതയിലാണ്. സുന്ദറിന്‍റെ കാര്യത്തിൽ ഞങ്ങൾ തിടുക്കം കാണിക്കില്ല, പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ ടീം ക്ഷമയോടെ കാത്തിരിക്കും. ലോകകപ്പില്‍ രാത്രിയിലെ മഞ്ഞുവീഴ്ച പ്രശ്നമാകും. എങ്കിലും നമുക്ക് നിയന്ത്രിക്കാനാവാത്ത കാര്യങ്ങളെക്കുറിച്ച് അധികം തലപുകയ്ക്കാനില്ലെന്നും സൂര്യ പറഞ്ഞു.