യശസ്വിക്കും അസിതയ്ക്കും പിഴ ശിക്ഷ വിധിച്ച് ഐസിസി; മത്സരഫീസിന്റെ 25% നൽകണം

 

ഗ്രൗണ്ടിലെ വാക്കേറ്റത്തെ തുടർന്ന് ഇന്ത്യൻ ബാറ്റർ യശസ്വി ജയ്‌സ്വാളിനും ശ്രീലങ്കൻ ബൗളർ അസിത ഫെർണാണ്ടോയ്ക്കും ഐസിസി (ICC) പിഴ ശിക്ഷ വിധിച്ചു. ഇരുവരും മത്സരഫീസിന്റെ 25 ശതമാനം പിഴയായി നൽകണം. ഇതിനു പുറമെ ഇരുവർക്കും ഓരോ ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്.

കളിക്കാർ തമ്മിലുള്ള അനുചിതമായ ശാരീരിക സമ്പർക്കവുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.12 ലംഘിച്ചതിനാണ് നടപടി. ഐസിസി മാച്ച് റഫറി ആന്റി പൈക്രോഫ്റ്റ് നിർദേശിച്ച ശിക്ഷ ഇരുവരും അംഗീകരിച്ചതിനാൽ കൂടുതൽ ഹിയറിങ് ഉണ്ടായിരുന്നില്ല. ഓൺ ഫീൽഡ് അമ്പയർമാരുൾപ്പെടെയുള്ള മാച്ച് ഒഫീഷ്യൽസാണ് പരാതി നൽകിയത്.

ടെസ്റ്റിന്റെ ഒന്നാം ദിനം അസിത ഫെർണാണ്ടോ എറിഞ്ഞ 17-ാം ഓവറിലാണ് സംഭവത്തിന് ആസ്പദമായ തർക്കമുണ്ടായത്. അസിതയുടെ പന്തിൽ ബൗൾഡായി പുറത്തായ യശസ്വിയോട് ലങ്കൻ താരങ്ങൾ നടത്തിയ ആഘോഷവും പരാമർശങ്ങളുമാണ് തർക്കത്തിന് വഴിവെച്ചത്. മടങ്ങിപ്പോകാൻ ഒരുങ്ങിയ യശസ്വി തിരികെ വന്ന് അസിതയുമായി വാക്കുതർക്കത്തിലേർപ്പെടുകയും പരസ്പരം തലമുട്ടിക്കുകയുമായിരുന്നു. തുടർന്ന് സഹതാരങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.