ഐ.സി.സി ടി-20 റാങ്കിങ്: ഇഷാൻ കിഷൻ ഒന്നാമത്, അഭിഷേക് രണ്ടാമത്; ബൗളർമാരിൽ കുതിച്ച് ബുംറയും വരുണും
ഐ.സി.സി ഏറ്റവും പുതിയ ടി-20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് വൻ മുന്നേറ്റം. ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനങ്ങളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. 913 പോയിന്റോടെ ഇഷാൻ കിഷൻ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, അഫ്ഗാനിസ്താനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അഭിഷേക് ശർമ (862 പോയിന്റ്) രണ്ടാം സ്ഥാനത്തെത്തി.
പാകിസ്താന്റെ സഹിബ്‌സാദ ഫർഹാൻ (848 പോയിന്റ്) മൂന്നാമതും ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് (799 പോയിന്റ്) നാലാമതുമാണ്. ബാറ്റർമാരിൽ എട്ടാം സ്ഥാനത്തുള്ള തിലക് വർമയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസൺ 30-ാം റാങ്കിലെത്തി. സൂര്യകുമാർ യാദവ് 20-ാം സ്ഥാനത്തും ശ്രേയസ് അയ്യർ 29-ാം സ്ഥാനത്തുമാണ്.
ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാമതിലെത്തി. ഏഴ് സ്ഥാനങ്ങൾ കുതിച്ചുയർന്ന പേസർ ജസ്പ്രിത് ബുംറ പത്താം റാങ്കോടെ ആദ്യ പത്തിൽ ഇടംപിടിച്ചു. അർഷ്ദീപ് സിങ് 14-ാം സ്ഥാനത്താണ്. 744 പോയിന്റോടെ അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമത്. പാക് സ്പിന്നർ അബ്രാർ അഹമ്മദ് രണ്ടാമതും ഇംഗ്ലണ്ടിന്റെ ആദിൽ റഷീദ് മൂന്നാമതുമുണ്ട്.