‘തോറ്റാൽ ലോഗോ മാറ്റണം’; ലോകകപ്പ് ആവേശത്തിൽ പന്തയം വെച്ച് ബ്രിട്ടീഷ് - നൊർവീജിയൻ എയർലൈനുകൾ

 

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും നോർവേയും ഏറ്റുമുട്ടാനിരിക്കെ, മൈതാനത്തിന് പുറത്ത് സോഷ്യൽ മീഡിയയിൽ പന്തയം വെച്ച് ഇരുരാജ്യങ്ങളിലെയും എയർലൈൻ കമ്പനികൾ. ബ്രിട്ടീഷ് എയർവേസും നോർവീജിയൻ എയർ ഷട്ടിലുമാണ് ഇൻസ്റ്റാഗ്രാമിലൂടെ കൗതുകകരമായ ഈ വെല്ലുവിളി ഉയർത്തിയത്.

മത്സരത്തിൽ തോൽക്കുന്ന രാജ്യത്തെ എയർലൈൻ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ലോഗോ ഒരു ദിവസത്തേക്ക് മാറ്റി പകരം വിജയിച്ച എയർലൈന്റെ ലോഗോ നൽകണം എന്നതാണ് പന്തയം. ജൂലൈ 8-ന് നൊർവീജിയൻ എയർലൈൻ ആരംഭിച്ച വെല്ലുവിളി, തങ്ങൾ തന്നെ ജയിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയർവേസ് സ്വീകരിക്കുകയായിരുന്നു. തോൽക്കുന്നവർക്ക് ലോഗോ കൈമാറാൻ പരസ്പരം ഇൻബോക്സിൽ സന്ദേശമയക്കാനും ഇരു കമ്പനികളും തീരുമാനിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായ ഈ 'എയർലൈൻ യുദ്ധത്തിന്റെ' ഫലം ഞായറാഴ്ച അർധരാത്രി നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് - നോർവേ ക്വാർട്ടർ പോരാട്ടത്തോടെ തീരുമാനിക്കപ്പെടും.