ഇന്ത്യ എ - ശ്രീലങ്ക എ മത്സരം സമനിലയിൽ;ദാംബുള്ളയിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ സൂപ്പർ ഓവറിൽ ലങ്കയ്ക്ക് ജയം
ഇന്ത്യ എ ടീമും ആതിഥേയരായ ശ്രീലങ്ക എ ടീമും തമ്മിൽ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ മത്സരം ടൈയിൽ അവസാനിച്ചതിന് പിന്നാലെ രംഗിരി ദാംബുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ. കളി സമനിലയിലായതിനെ തുടർന്ന് നടന്ന സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടെങ്കിലും ഒടുവിൽ ശ്രീലങ്ക എ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിന്റെ അവസാന പന്തിൽ ശ്രീലങ്കയ്ക്ക് ജയിക്കാൻ രണ്ട് റൺസ് വേണമായിരുന്നു. അർഷാദ് ഖാൻ എറിഞ്ഞ യോർക്കർ പന്ത് പ്രതിരോധിക്കാൻ ലങ്കൻ താരം ചാമിക ഗുണശേഖര ശ്രമിച്ചെങ്കിലും പന്തിൽ തൊടാനായില്ല. തുടർന്ന് പാഡിൽ തട്ടിയ പന്ത് വിക്കറ്റ് കീപ്പറുടെ ഇടതുഭാഗത്തേക്ക് ഉരുണ്ടുപോയി.
ഈ സമയം ബാറ്റർമാർ ഡബിളിനായി ഓടിയെങ്കിലും കീപ്പർ പ്രഭ്സിമ്രാൻ സിംഗ് പന്ത് വേഗത്തിൽ എടുത്ത് സക്ട്രൈക്കേഴ്‌സ് എൻഡിലേക്ക് എറിഞ്ഞു. ബൗളർ അർഷാദ് ഖാൻ പന്ത് സ്വീകരിച്ച് വിക്കറ്റ് തെറിപ്പിക്കുമ്പോൾ ഗുണശേഖര ക്രീസിന് ഏറെ അകലെയായിരുന്നു.
എന്നാൽ നാടകം അവിടെയും തീർന്നില്ല, സൂപ്പർ ഓവർ ആരംഭിക്കുന്നതിൽ വലിയ വൈകലുണ്ടായി. മത്സരം പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ശേഷമാണ് അവസാനിച്ചത് എന്നതിനാൽ, മോശം വെളിച്ചം കാരണം ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം നൽകണമോ അതോ സൂപ്പർ ഓവർ നടത്തണമോ എന്ന കാര്യത്തിൽ അമ്പയർമാർക്ക് സംശയമുണ്ടായിരുന്നു.