ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ, ഗില്ലിനെ ഒഴിവാക്കി
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തി. ബിസിസിഐ ആസ്ഥാനത്തു നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഫോം ഔട്ടായ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഓപ്പണര്‍ ഇഷാന്‍ കിഷനേയും ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിങും ലോകകപ്പ് ടീമിലുണ്ട്. ജിതേഷ് ശർമയെ തഴഞ്ഞതും ശ്രദ്ധേയമായി.
ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ അക്ഷർ പട്ടേലാണ് ലോകകപ്പ് ടീമിലെ വൈസ് ക്യാപ്റ്റൻ. ലോകകപ്പിൽ സഞ്ജു സാംസണാണ് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പർ. ന്യൂസിലൻഡിനെതിരായ ടി20 പോരാട്ടത്തിലും ഇതേ ടീമായിരിക്കും കളിക്കുക. 15 അംഗ സംഘത്തെയൊണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഗില്ലിനെ ഒഴിവാക്കിയതിനാൽ തന്നെ അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു സാംസണായിരിക്കും ലോകകപ്പിൽ ഓപ്പൺ ചെയ്യുക.
ലോകകപ്പ് ടീമിനൊപ്പം ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി 11 മുതൽ 31 വരെയാണ് ന്യൂസിലൻഡിനെതിരായ വൈറ്റ് ബോൾ പരമ്പര.