അണ്ടർ 19 ഏഷ്യാകപ്പിൽ നേപ്പാളിനെതിരെ ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകർപ്പൻ ജയം
അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ നേപ്പാളിനെതിരെ ഇന്ത്യൻ യുവനിരയ്ക്ക് ഉജ്ജ്വല വിജയം. മുൻ ഇന്ത്യൻ താരം വീരേന്ദ്ര സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന്റെ ബാറ്റിങ് മികവിൽ ഇന്ത്യ 10 വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. നേപ്പാൾ മുന്നോട്ടുവെച്ച 129 റൺസ് വിജയലക്ഷ്യം വെറും 19 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു.
ഇന്ത്യക്കായി ഓപ്പൺ ചെയ്ത ആര്യവീർ സെവാഗും ലക്ഷ്യ റായ്ചന്ദാനിയും അർധസെഞ്ചുറി നേടി പുറത്താകാതെ നിന്നു. ആര്യവീർ 52 പന്തിൽ 4 സിക്സും 7 ഫോറുമടക്കം 70 റൺസ് നേടിയപ്പോൾ, ലക്ഷ്യ 63 പന്തിൽ 7 ഫോറുകളുടെ സഹായത്തോടെ 53 റൺസെടുത്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ അണ്ടർ 19 ടീം 42 ഓവറിൽ 128 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 43 റൺസെടുത്ത ദർശ് സോണറാണ് നേപ്പാളിന്റെ ടോപ് സ്കോറർ. ഇന്ത്യക്കായി ഇഷാൻ സൂദും അർജുൻ രാജ്പുതും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു.