സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ശക്തരായ പാനമയെ സമനിലയിൽ തളച്ച് ഇന്ത്യ
ലോക റാങ്കിങ്ങിൽ 44-ാം സ്ഥാനക്കാരും ലോകകപ്പ് പരിചയസമ്പന്നരുമായ പാനമയ്ക്കെതിരെ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ. ബെംഗളൂരുവിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കരുത്തരായ പാനമയെ ഇന്ത്യ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലീഡെടുത്ത ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്.
മത്സരത്തിലുടനീളം മികച്ച പോരാട്ടവീര്യം പുറത്തെടുത്ത ഇന്ത്യക്കായി 44-ാം മിനിറ്റിൽ റയാൻ വില്ല്യംസ് ഗോൾ നേടി മുന്നിലെത്തിച്ചു. സ്വന്തം ഹാഫിൽ നിന്ന് ലഭിച്ച മികച്ച ത്രൂബോൾ സ്വീകരിച്ച് മുന്നേറിയ റയാൻ പാനമ വല കുലുക്കുകയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ പന്തടക്കത്തിൽ മുന്നിട്ടുനിന്ന പാനമ 68-ാം മിനിറ്റിൽ ഒമർ വലൻസിയയുടെ ലോങ് റേഞ്ചർ ഗോളിലൂടെ സമനില പിടിച്ചു. തുടർന്ന് ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും വിജയിക്കാനായില്ല. കൊൽക്കത്തയിൽ മുൻ ലോകചാമ്പ്യൻമാരായ ബ്രസീലിനും ഉറുഗ്വായ്ക്കുമെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ.