ഗാലെ ടെസ്റ്റിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യക്ക് വമ്പന്‍ ജയം
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 165 റണ്‍സിന്‍റെ വമ്പൻ ജയം. 372 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം ലഞ്ചിനുശേഷം 206 റൺസിന് ഓള്‍ ഔട്ടായി. ആറ് വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്‍റെ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റെടുത്ത സുതാര്‍ മത്സരത്തിലാകെ 10 വിക്കറ്റെടുത്തു.
ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ സൊണാല്‍ ദിനുഷ രണ്ടാം ഇന്നിംഗ്സില്‍ 84 റണ്‍സുമായി പൊരുതിയെങ്കിലും 59 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയൊഴികെ മറ്റാരും പിന്തുണച്ചില്ല. ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ലങ്കയുടെ മൂന്ന് വിക്കറ്റുകള്‍ ലഞ്ചിനുശേഷമുള്ള ഒരോവറിൽ വീഴ്ത്തിയാണ് മാനവ് സുതാര്‍ ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. രണ്ട് മത്സര പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച കൊളംബോയില്‍ ആരംഭിക്കും. സ്കോര്‍ ഇന്ത്യ 462, 193, ശ്രീലങ്ക 284, 206.അവസാന ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ലങ്കക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ദിനുഷയും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വെള്ളംകുടിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 95 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകള്‍ മങ്ങുമെന്ന് കരുതിയെങ്കിലും അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ ജഡേജയെ സ്വീപ് ചെയ്യാനുള്ള ധനഞ്ജയ ഡിസില്‍വയുടെ ശ്രമം പാളി. 59 റണ്‍സെടുത്ത ഡിസില്‍വയെ ജഡേജയുടെ പന്തില്‍ മാനവ് സുതാര്‍ പിടികൂടി.