8.5 ഓവറില്‍ 104 അടിച്ച് തകർപ്പൻ ജയം; സിംബാബ്‌വെക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി സ്മൃതി മന്ധാനയും സംഘവും

 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റത്തില്‍ തന്നെ പരമ്പര സ്വന്തമാക്കി സ്മൃതി മന്ധാന. സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യ 2-0ത്തിനാണ് സ്വന്തമാക്കിയത്. ആവേശകരമായ രണ്ടാം പോരാട്ടത്തില്‍ 9 വിക്കറ്റിന്റെ മിന്നും ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ വനിതകള്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 104 റണ്‍സ് നേടി അനായാസ വിജയം പിടിച്ചെടുത്തു.

തുടക്കം മുതൽ തകർത്തടിച്ച ഓപ്പണർമാർ ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചു. 25 പന്തില്‍ 6 ഫോറും 4 സിക്‌സും സഹിതം 55 റണ്‍സ് വാരിയ ഷെഫാലി വര്‍മയും, ഇത്രയും പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 47 റണ്‍സടിച്ച ക്യാപ്റ്റൻ സ്മൃതി മന്ധാനയും ചേര്‍ന്ന് വെറും 7.5 ഓവറില്‍ 96 റണ്‍സാണ് ഒന്നാം വിക്കറ്റിൽ പടുത്തുയർത്തിയത്. ഷെഫാലിയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. കളി അവസാനിക്കുമ്പോള്‍ സ്മൃതിയ്‌ക്കൊപ്പം അനുഷ്‌ക ശര്‍മ (1) പുറത്താകാതെ നിന്നു.

നേരത്തെ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യൻ നിര പുറത്തെടുത്തത്. നികി പ്രസാദ് ഇന്ത്യക്കായി 2 വിക്കറ്റുകൾ വീഴ്ത്തി. ക്രാന്തി ഗൗഡ്, നന്ദനി ശര്‍മ, ദീപ്തി ശര്‍മ, ശ്രീചരണി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. 34 റണ്‍സെടുത്ത ചിപോ മുഗേരി ടിരിപാനോയും, 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസഫൈന്‍ എന്‍കോമോയും മാത്രമാണ് സിംബാബ്‌വെ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.