കോമൺവെൽത്ത് ഗെയിംസ് തുടങ്ങുംമുമ്പേ മെഡലുറപ്പിച്ച് ഇന്ത്യ; ബോക്സിങ്ങിൽ ലവ്ലിന സെമിയിൽ
Jul 23, 2026, 15:15 IST
കോമൺവെൽത്ത് ഗെയിംസ് മത്സരങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യക്ക് ആദ്യ മെഡൽ ഉറപ്പിച്ച് ബോക്‌സിങ് താരം ലവ്‌ലിന ബോർഗോഹെയ്ൻ. വനിതകളുടെ 75 കിലോ മിഡിൽവെയ്റ്റ് വിഭാഗത്തിൽ ബൈ ലഭിച്ചാണ് ഒളിമ്പിക് മെഡൽ ജേതാവായ ലവ്‌ലിന സെമി ഫൈനലിലേക്ക് മുന്നേറിയത്.
കോമൺവെത്ത് ഗെയിംസ് ബോക്‌സിങ് നിയമപ്രകാരം സെമി ഫൈനലിൽ തോൽക്കുന്ന ഇരു താരങ്ങൾക്കും വെങ്കല മെഡൽ ലഭിക്കുമെന്നതിനാൽ ലവ്‌ലിനയുടെ മെഡൽ നേട്ടം ഉറപ്പായിക്കഴിഞ്ഞു. ജൂലായ് 31-ന് നടക്കുന്ന സെമി പോരാട്ടത്തിൽ ടുവാലുവിന്റെ ടാഫക്കിയാണ് ലവ്‌ലിനയുടെ എതിരാളി.
75 കിലോ വിഭാഗത്തിൽ ആകെ അഞ്ച് ബോക്‌സർമാർ മാത്രമാണ് മാറ്റുരയ്ക്കുന്നത്. ഇതിൽ ലവ്‌ലിന ഉൾപ്പെടെയുള്ള മൂന്ന് താരങ്ങൾക്ക് നേരിട്ട് സെമി ഫൈനലിലേക്ക് ബൈ ലഭിക്കുകയായിരുന്നു. ശേഷിക്കുന്ന രണ്ട് പേരിൽ നിന്ന് ക്വാർട്ടർ ഫൈനൽ ജയിച്ചെത്തുന്ന ആളാകും സെമിയിലെ നാലാമത്തെ താരം.