യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് ഇന്ത്യ; 15-കാരി തൻവി പത്രിക്ക് വെള്ളി
Nov 6, 2026, 09:20 IST
യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റൺ പോരാട്ടത്തിൽ റണ്ണറപ്പായി ഇന്ത്യയുടെ 15- വയസ്സുകാരി തൻവി പത്രി. ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ കായികതാരമെന്ന റെക്കോർഡ് നേട്ടത്തോടെയാണ് തൻവി രാജ്യത്തിന്റെ അഭിമാനമായി മാറിയത്.
ഇതുവരെ ഒരു ഇന്ത്യൻ താരവും യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റണിന്റെ ഫൈനലിൽ എത്തിയിരുന്നില്ല. സ്വർണ്ണപ്പോരാട്ടത്തിൽ ചൈനീസ് താരം സാങ് യി സിനോട് ആവസാന നിമിഷം വരെ പോരാടിയ ശേഷമാണ് തൻവി കീഴടങ്ങിയത്. ആദ്യ സെറ്റ് 21-15ന് നേടി തൻവി തകർപ്പൻ തുടക്കമിട്ടെങ്കിലും, രണ്ടാം സെറ്റിൽ 21-13ന് ജയം പിടിച്ച് ചൈനീസ് താരം തിരിച്ചുവന്നു.
നിർണായകമായ മൂന്നാം സെറ്റിൽ കടുത്ത മത്സരമാണ് ഇരുതാരങ്ങളും കാഴ്ചവെച്ചത്. ഒടുവിൽ 26-24 എന്ന സ്കോറിനാണ് തൻവിക്ക് നിർഭാഗ്യകരമായി കിരീടം നഷ്ടമായത്. എങ്കിലും തൻവിയുടെ ഈ നേട്ടം ഇന്ത്യൻ കായികരംഗത്ത് പുതിയ ചരിത്രമായി മാറും.