ഇന്ത്യയ്ക്ക് ഒരേസമയം രണ്ട് ടീമുകൾ; ഒരു ടീമിനെ ശ്രേയസ് അയ്യർ നയിക്കും; ബിസിസിഐയുടെ പുതിയ ഫോർമുല

 

ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാധാരാളിത്തം കണക്കിലെടുത്ത് ടി20യിൽ രണ്ട് വ്യത്യസ്ത ടീമുകളെ ഒരേസമയം കളത്തിലിറക്കാൻ ബിസിസിഐ ഒരുങ്ങുന്നു. ഐപിഎല്ലിലെ മിന്നും പ്രകടനം കഴിഞ്ഞ് ടീമിലേക്കെത്താൻ കാത്തിരിക്കുന്ന യുവതാരങ്ങളുടെ നീണ്ട നിര തന്നെയുള്ള സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. ഒരേ സമയം ഒന്നിലധികം പരമ്പരകൾ വരുന്ന സാഹചര്യത്തിൽ സീനിയർ താരങ്ങൾക്കൊപ്പം തന്നെ യുവതാരങ്ങൾക്കും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ ഫോർമുല അനുസരിച്ച് തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ ടീമിനെ ശ്രേയസ് അയ്യർ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവ വിസ്മയം 15 വയസ്സുകാരൻ വൈഭവ് സൂര്യവൻഷി മുതൽ യശസ്വി ജയ്‌സ്വാൾ, പിയാൻഷ് ആര്യ, പ്രഭ്സിമ്രൻ സിങ്, രഘുവൻഷി തുടങ്ങിയ വെടിക്കെട്ട് ബാറ്റർമാർ ഈ ടീമിൽ ഇടംപിടിച്ചേക്കും. കൂടാതെ രജത് പട്ടിദാർ, ധ്രുവ് ജുറേൽ എന്നിവരെയും ബാറ്റിങ് നിരയിൽ പരിഗണിക്കുന്നുണ്ട്. ബൗളിങ്ങിൽ രവി ബിഷ്ണോയി, ഖലീൽ അഹമ്മദ്, അശോക് വർമ്മ, കാർത്തിക് ത്യാഗി എന്നിവരാണ് സെലക്ടർമാരുടെ റഡാറിലുള്ള പ്രമുഖർ.

നിലവിലെ തിരക്കേറിയ ക്രിക്കറ്റ് കലണ്ടർ പ്രകാരം ഒരേ സമയം രണ്ട് രാജ്യങ്ങളിൽ പരമ്പരകൾ നടക്കുമ്പോൾ ഈ ഫോർമുല ഗുണകരമാകുമെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്. 2024 ഐപിഎൽ ഫൈനലിലെ നായകന്മാരായ ശ്രേയസ് അയ്യർക്കും രജത് പട്ടിദാറിനും ഈ നീക്കം വലിയ തിരിച്ചുവരവിനുള്ള അവസരമാകും. യുവതാരങ്ങൾക്ക് കൂടുതൽ എക്സ്പോഷർ നൽകുന്നതിലൂടെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഭദ്രമാക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.