അഫ്ഗാനെ തകർത്ത് ഇന്ത്യ അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിൽ

 

അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ-19 ഏഷ്യാകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ശനിയാഴ്ച നടക്കുന്ന ആവേശകരമായ കലാശപ്പോരിൽ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. സെമി ഫൈനലിൽ അഫ്ഗാൻ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം വെറും 36.5 ഓവറിൽ രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസം മറികടന്നു. ലക്ഷ്യ രാജേഷ് റായ്ചന്ദാനി (93), ആര്യവീർ സെവാഗ് (51), വി.കെ. വിനീത് (57*) എന്നിവരുടെ തകർപ്പൻ അർധ സെഞ്ചുറികളാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണിങ് വിക്കറ്റിൽ രാജേഷ് റായ്ചന്ദാനി - ആര്യവീർ സെവാഗ് സഖ്യം മിന്നും തുടക്കമാണ് നൽകിയത്.

ഇരുവരും ചേർന്ന് 102 പന്തിൽ നിന്ന് 117 റൺസ് കൂട്ടിച്ചേർത്തതോടെ തന്നെ മത്സരം ഇന്ത്യയുടെ വരുതിയിലായിരുന്നു. നാല് വീതം സിക്സും ഫോറുമടക്കം 57 പന്തിൽ 51 റൺസെടുത്ത ആര്യവീർ പുറത്തായ ശേഷം വി.കെ. വിനീതിനെ കൂട്ടുപിടിച്ച് റായ്ചന്ദാനി 77 റൺസിന്റെ മറ്റൊരു നിർണായക കൂട്ടുകെട്ടും പടുത്തുയർത്തി. 90 പന്തിൽ ഒരു സിക്സും 13 ഫോറുമടക്കം 93 റൺസെടുത്ത റായ്ചന്ദാനിക്ക് നിർഭാഗ്യം കൊണ്ടാണ് സെഞ്ചുറി നഷ്ടമായത്. 62 പന്തിൽ ഒരു സിക്സും അഞ്ച് ഫോറുമടക്കം 57 റൺസുമായി വിനീതും, 16 റൺസുമായി യഷ്‌വർദ്ധൻ ചൗഹാനും പുറത്താകാതെ നിന്ന് ടീമിനെ വിജയതീരത്തെത്തിച്ചു.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് നേടിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ അഫ്ഗാൻ ബാറ്റർമാരെ സമ്മർദത്തിലാക്കി. അർധ സെഞ്ചുറികൾ നേടിയ നൊമാൻ സലർസായ് (78 പന്തിൽ 51), ഷാ ഫൈസൽ റാഹിമി (72 പന്തിൽ 51) എന്നിവരുടെ ഇന്നിങ്‌സുകളാണ് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സൊഹൈൽ ഖാൻ (36*), സുബാൻ സഖായിൽ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്ക്കായി ഇഷാൻ സൂദ് മൂന്നും ആര്യൻ സവ്സാനി രണ്ടും വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.