ലങ്കയെ തകർത്ത് ഇന്ത്യ അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ; കരുത്തായി മലയാളി താരം ആരോൺ ജോർജ്
ശ്രീലങ്കയെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ-19 ഏഷ്യാ കപ്പിന്റെ ഫൈനലിൽ കടന്നു. മഴയെത്തുടർന്ന് 20 ഓവറാക്കി ചുരുക്കിയ ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ, ലങ്ക ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം 18 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ ഫൈനലുറപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ക്യാപ്റ്റൻ ആയുഷ് മാത്രെയെയും (7), വൈഭവ് സൂര്യവംശിയെയും (9) നഷ്ടമായി. സ്കോർ 25-ൽ നിൽക്കെ പ്രതിരോധത്തിലായ ഇന്ത്യയെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച മലയാളി താരം ആരോൺ ജോർജും വിഹാൻ മൽഹോത്രയും ചേർന്ന് കരകയറ്റുകയായിരുന്നു.
അർധ സെഞ്ച്വറികളുമായി തിളങ്ങിയ ഇരുവരും ചേർന്ന് ഇന്ത്യൻ വിജയം അനായാസമാക്കി. 49 പന്തിൽ 4 ഫോറും ഒരു സിക്സും ഉൾപ്പെടെ 58 റൺസുമായി ആരോൺ ജോർജ് പുറത്താകാതെ നിന്നപ്പോൾ, 45 പന്തിൽ 4 ഫോറും 2 സിക്സും സഹിതം 61 റൺസെടുത്ത വിഹാൻ മൽഹോത്ര മികച്ച പിന്തുണ നൽകി. ആരോൺ ജോർജിന്റെ ഫോറിലൂടെയാണ് ഇന്ത്യ വിജയറൺ കുറിച്ചത്. ഏഷ്യാ കപ്പ് കിരീടത്തിനായുള്ള ഇന്ത്യ-പാക് ഫൈനൽ പോരാട്ടം ഇനി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയാണ്.