ഇന്ത്യ-ജപ്പാൻ ടി20 മത്സരം സെപ്റ്റംബർ 22-ന്; ചരിത്ര പോരാട്ടം പ്രഖ്യാപിച്ച് ബി.സി.സി.ഐ
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചരിത്രപരമായ ട്വന്റി-20 മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഇന്ത്യാ-ജപ്പാൻ നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'സുസുക്കി കപ്പ്' എന്ന പേരിൽ നടക്കുന്ന മത്സരം സെപ്റ്റംബർ 22-ന് ജപ്പാനിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകൾ സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്.
2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യം മുൻനിർത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചിയും തമ്മിൽ നടത്തിയ ഉച്ചകോടിയിൽ രൂപീകരിച്ച "സ്പോർട്സ് 75" പദ്ധതിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. കിഴക്കേ ഏഷ്യയിലും ജപ്പാനിലും ക്രിക്കറ്റിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ ബി.സി.സി.ഐ, ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനുമായി (JCA) സഹകരിച്ച് പ്രവർത്തിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈക്കിയ അറിയിച്ചു.
നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെ സ്വന്തം മണ്ണിലേക്ക് സ്വീകരിക്കാൻ സാധിക്കുന്നത് വലിയൊരു നാഴികക്കല്ലാണെന്ന് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ സി.ഇ.ഒ നവോക്കി മിയാജി വ്യക്തമാക്കി.