അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് പോരാട്ടം; ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
അണ്ടർ 19 ഏഷ്യാ കപ്പിലെ ആവേശകരമായ പോരാട്ടത്തിൽ പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ അണ്ടർ 19 ടീം ബാറ്റിങ് തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതെത്തുകയാണ് ഇരുടീമുകളുടെയും ലക്ഷ്യം.ഗ്രൂപ്പ് എ-യിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ തകർപ്പൻ വിജയം നേടിയത്.
നേപ്പാളിനെ 128 റൺസിന് എറിഞ്ഞിട്ട ശേഷം ഓപ്പണർമാരായ ആര്യവീർ സെവാഗ് (70*), ലക്ഷ്യ റെയ്ചന്ദാനി (53*) എന്നിവരുടെ മിടുക്കിൽ 19.1 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ആര്യവീർ സെവാഗ്, അൻവയ് ദ്രാവിഡ്, ഇഷാൻ സൂദ്, അർജുൻ രാജ്പുത് എന്നിവരാണ് ഇന്ത്യൻ നിരയിലെ പ്രധാന ആകർഷണം.
മറുഭാഗത്ത്, ആദ്യ മത്സരത്തിൽ യു.എ.ഇയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാകിസ്താൻ എത്തുന്നത്. യു.എ.ഇ ഉയർത്തിയ 225 റൺസ് ലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 37.3 ഓവറിൽ പാകിസ്താൻ മറികടന്നിരുന്നു. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തും.