ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റിന് നാളെ തുടക്കം; സാധ്യതാ ഇലവന്‍

 

 

ഇന്ത്യ - ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ഗാലെ രാജ്യന്തര സ്‌റ്റേഡിയത്തില്‍ തുടക്കമാവും. മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാവും ഇന്ത്യ, ശ്രീലങ്കയ്‌ക്കെതിരെ കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലമെച്ചപ്പെടുത്താന്‍ ടീം ഇന്ത്യക്ക് സുവര്‍ണാവസരമാണിത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ശുഭ്മന്‍ ഗില്ലും സംഘവും ലക്ഷ്യമിടുന്നത് ജയം മാത്രം. ഗാലെയിലെ പിച്ചില്‍ ഇന്ത്യ മൂന്ന് ഇടം കയ്യന്‍ സ്പിന്നര്‍മാരെ കളിപ്പിക്കുമെന്നാണ് ബൗളിംഗ് കോച്ച് മോണി മോര്‍കല്‍ നല്‍കുന്ന സൂചന.

കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മാനവ് സുതര്‍ എന്നിവരായിരിക്കും സ്പിന്നര്‍മാരായി ടീമിലെത്തുക. മൂന്ന് സ്പിന്നര്‍മാരും ഇടംകൈയന്‍മാരാവുന്നതില്‍ ടീം മാനേജ്‌മെന്റിന് ആശങ്കയില്ലെന്നും, 20 വിക്കറ്റ് വീഴ്ത്താന്‍ സ്പിന്‍ ത്രയത്തിന് ശേഷിയുണ്ടെന്നും ബൗളിംഗ് കോച്ച് ആല്‍ബി മോര്‍കല്‍ വ്യക്തമാക്കി. മുഹമ്മദ് സിറാജിന്റെ പേസ് പങ്കാളിയാവാന്‍ മത്സരിക്കുന്നത് ഗുര്‍നൂര്‍ ബ്രാറും പ്രസിദ്ധ് കൃഷ്ണയുമാണ്. പരിശീലന സെഷനിലെ സൂചനകളുടെ അടിസ്ഥാനത്തില്‍ സാധ്യത കൂടുതല്‍ ഗുര്‍നൂറിനാണ്.

കോച്ച് ഗൗതം ഗംഭീറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലനം. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ഗംഭീറിനൊപ്പം ഉണ്ടായിരുന്നു. കെ എല്‍ രാഹുലും യശസ്വീ ജയ്‌സ്വാളും ഇന്നിംഗ്‌സ് തുറക്കും. മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കലും നാലാമനായി ക്യാപ്റ്റന്‍ ഗില്ലും അഞ്ചാമനായി റിഷഭ് പന്തും ക്രീസിലെത്തും. ആറാം നമ്പറില്‍ ടീമിലിടം പിടിക്കാന്‍ മത്സരിക്കുന്നത് ധ്രുവ് ജുറലും സായ്‌സുദര്‍ശന് പകരം ടീമിലെത്തിയ സര്‍ഫറാസ് ഖാനും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാല് ഇന്നിംഗ്‌സില്‍ ജുറല്‍ നേടിയത് 20 റണ്‍സ് മാത്രം. അഫ്ഗാനിസ്ഥാനെതിരായ അവസാന ടെസ്റ്റില്‍ 19 റണ്‍സും. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം നടത്തുന്ന സര്‍ഫറാസിന് നേരിയ മേല്‍ക്കൈയുണ്ടെങ്കിലും ഗംഭീറിന്റെ തീരുമാനം നിര്‍ണായകം. സാധ്യതാ ഇലവന്‍…

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, മാനവ് സുതര്‍, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്.