ഇന്ത്യ-ശ്രീലങ്ക അവസാന വനിതാ ടി20 നാളെ

 

ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് ഏഴിന് മത്സരം ആരംഭിക്കും. എല്ലാ മത്സരങ്ങളും ജയിച്ച്

പരമ്പര തൂത്തു വാരുകയെന്ന ലക്ഷ്യത്തോടെയാകും ടീം ഇന്ത്യ ഇറങ്ങുക. നിലവില്‍ നാല് മത്സരങ്ങളും വിജയിച്ച് 4-0ന് ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ നാളെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. തുടര്‍ച്ചയായ തോല്‍വികളില്‍ പതറുന്ന ശ്രീലങ്കയ്ക്ക് നാളത്തെ മത്സരം ആശ്വാസജയത്തിനായുള്ള അഭിമാന പോരാട്ടമാണ്.

ബാറ്റിങ്ങിലും ബൗളിങ്ങിലും സമാനതകളില്ലാത്ത ആധിപത്യമാണ് ഇന്ത്യ ലങ്കയ്ക്കെതിരെ പുലര്‍ത്തുന്നത്. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ മിന്നും ഫോമാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ല്. പരമ്പരയില്‍ ഇതിനകം തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടിയ താരം നാളെയും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കരുത്ത് കാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സൂപ്പര്‍ താരം സ്മൃതി മന്ദന ഫോമിലേക്ക് തിരിച്ചെത്തിയതും മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റര്‍ റിച്ച ഘോഷിന്റെ സാന്നിധ്യവും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ലങ്കന്‍ വനിതകള്‍ക്ക് സാധിച്ചിരുന്നില്ല.