ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

 

 

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകീട്ട് ഏഴ് മുതല്‍ ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം. ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടം ഈ മാസം 9നും മൂന്നാം മത്സരം 11നും അരങ്ങേറും. 14, 17 തീയതികളിലാണ് ശേഷിക്കുന്ന രണ്ട് പോരാട്ടങ്ങള്‍.

ഓപ്പണിങില്‍ ആര് എന്ന കണ്‍ഫ്യൂഷന്‍ തന്നെയാണ് മത്സരത്തിന് മുന്‍പ് പരിശീലകന്‍ ഗൗതം ഗംഭീറിനു മുന്നിലുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍, വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി എന്നിവരില്‍ ആരെ കളിപ്പിക്കും എന്നറിയാനുള്ള കൗതുകം ആരാധകര്‍ക്ക് തുടരാം. ഏഷ്യന്‍ ഗെയിംസില്‍ വൈഭവ് ഓപ്പണറും സഞ്ജു മൂന്നാം സ്ഥാനത്തും കളിച്ചിരുന്നു.

എന്നാല്‍ വിന്‍ഡീസിനെതിരെ രണ്ട് പേരെയും ഒരുമിച്ച് കളിപ്പിക്കാന്‍ സാധ്യതയില്ല. മിന്നും ഫോമിലുള്ള അഭിഷേക് ശര്‍മയെ മാറ്റില്ലെന്നു ഉറപ്പാണ്. അഫ്ഗാനെതിരായ പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയ സഞ്ജുവിനു തന്നെയാണ് നിലവില്‍ വൈഭവിനേക്കാള്‍ മുന്‍തൂക്കമുള്ളത്. വൈഭവിനോട് താന്‍ കാര്യങ്ങള്‍ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗംഭീര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.