ചെന്നൈയില്‍ നടക്കുന്ന ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് സൗജന്യ യാത്ര
ചെന്നൈയില്‍ നടക്കുന്ന ഇന്ത്യ-സിംബാബ്വെ ടി20 ലോകകപ്പ് സൂപ്പര്‍-8 പോരാട്ടം കാണാനെത്തുന്നവര്‍ക്ക് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് സൗജന്യ യാത്ര പ്രഖ്യാപിച്ചു. സ്റ്റേഡിയത്തിലേക്ക് എത്തുന്ന പതിനായിരക്കണക്കിന് ആരാധകരുടെ യാത്ര സുഗമമാക്കുന്നതിനാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനുമായി ചേര്‍ന്ന് മെട്രോ ഈ സൗകര്യം ഒരുക്കുന്നത്. മത്സരത്തിനുള്ള ഫിസിക്കല്‍ ടിക്കറ്റുകള്‍ തന്നെ മെട്രോ ടിക്കറ്റുകളായി ഉപയോഗിക്കാം. ടിക്കറ്റിലുള്ള ക്യുആര്‍ കോഡ് മെട്രോ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ ഗേറ്റുകളില്‍ സ്‌കാന്‍ ചെയ്ത് യാത്രക്കാര്‍ക്ക് പ്രവേശിക്കാം.ഏതൊരു മെട്രോ സ്റ്റേഷനില്‍ നിന്നും സ്റ്റേഡിയത്തിന് അടുത്തുള്ള 'ഗവണ്‍മെന്റ് എസ്റ്റേറ്റ്' സ്റ്റേഷനിലേക്കും തിരിച്ചും ഒരു റൗണ്ട് ട്രിപ്പ് യാത്ര സൗജന്യമായിരിക്കും. മത്സരദിവസമായ ഫെബ്രുവരി 26ന് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മത്സരം കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി മെട്രോ ട്രെയിനുകളുടെ സമയം അര്‍ദ്ധരാത്രി 12 മണി വരെ നീട്ടിയിട്ടുണ്ട്. ഗവണ്‍മെന്റ് എസ്റ്റേറ്റ് സ്റ്റേഷനില്‍ നിന്നുള്ള അവസാന ട്രെയിനുകള്‍ രാത്രി 12 മണിക്ക് വിംകോ നഗര്‍ ഡിപ്പോയിലേക്കും എയര്‍പോര്‍ട്ട് ലൈനിലേക്കും പുറപ്പെടും.
രാത്രി 11 മണിക്ക് ശേഷം ഗ്രീന്‍ ലൈനിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ വെച്ച് മാത്രമേ അതിന് സാധിക്കൂ. അവസാന ട്രെയിന്‍ പുറപ്പെടുന്നതിന് 10 മിനിറ്റ് മുമ്പ് ഗവണ്‍മെന്റ് എസ്റ്റേറ്റ് സ്റ്റേഷനിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കും.