ഇന്ത്യ-സിംബാബ്‌വെ വനിതാ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

 

 

ഇന്ത്യ-സിംബാബ്വെ വനിതാ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. റായ്പൂരില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പുതിയ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയ്ക്ക് കീഴില്‍ ജയിച്ച് തുടങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം. സ്മൃതിയും ഷെഫാലി വര്‍മയും നല്‍കുന്ന തുടക്കം നിര്‍ണായകമാവും. ഹര്‍മന്‍പ്രീത് കൗറിന്റെ പരിചയസമ്പത്തും ദീപ്തി ശര്‍മ്മയുടെ ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് കരുത്താവും. മലയാളി താരം മിന്നു മണി കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. ഇന്ത്യ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. സമീപകാലത്ത് സ്ഥിരതയോടെ മികച്ച പ്രകടനം നടത്തിയ ആത്മവിശ്വാസത്തിലാണ് സിംബാബ്വെ. പരമ്പരയില്‍ മൂന്ന് വീതം ടി20യും ഏകദിനങ്ങളുമാണുള്ളത്.

അതേസമയം, ചരിത്രനേട്ടമാണ് ഓപ്പണര്‍ സ്മൃതി മന്ദാനയെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 5,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന നേട്ടത്തിലേക്ക് സ്മൃതിക്ക് ഇനി 133 റണ്‍സ് കൂടി മതി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഈ അപൂര്‍വ്വ നാഴികക്കല്ല് പിന്നിടാനുള്ള സുവര്‍ണാവസരമാണ് താരത്തിനുള്ളത്. 2013ല്‍ അരങ്ങേറ്റം കുറിച്ച മന്ദാന ഇതുവരെ 179 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്നായി 31 ശരാശരിയിലും 127.47 സ്ട്രൈക്ക് റേറ്റിലും 4,867 റണ്‍സ് നേടിയിട്ടുണ്ട്.