ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ഇടംനേടി ഇന്ത്യൻ താരം നിഖിൽ ചൗധരി

 

ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ ഇന്ത്യൻ വംശജനായ ഓൾറൗണ്ടർ നിഖിൽ ചൗധരി ഇടംനേടി. വ്യക്തിപരമായ കാരണങ്ങളാൽ പ്രമുഖ താരം ട്രാവിസ് ഹെഡ് പിന്മാറിയതോടെയാണ് മുപ്പതുകാരനായ നിഖിലിന് ടീമിലേക്ക് വിളിവന്നത്. പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചാൽ, 1964-ൽ കളിച്ച റെക്സ് സെല്ലേഴ്സിന് ശേഷം ഓസ്‌ട്രേലിയൻ ജേഴ്സിയിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന ചരിത്രനേട്ടം ഡൽഹി സ്വദേശിയായ നിഖിലിന് സ്വന്തമാകും.

നിലവിൽ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ ഹോബാർട്ട് ഹറിക്കെയ്ൻസിന് വേണ്ടിയാണ് താരം കളിക്കുന്നത്. ബെൽജിയത്തിൽ നടക്കുന്ന പ്രാദേശിക ടൂർണമെന്റിൽ പങ്കെടുക്കുന്ന നിഖിൽ വെള്ളിയാഴ്ച ധാക്കയിലെത്തി ടീമിനൊപ്പം ചേരും. ടീമിന്റെ മധ്യനിരയിൽ ഇടംപിടിക്കാൻ ആരോൺ ഹാർഡി, ജോയൽ ഡേവിസ് എന്നിവരുമായാകും നിഖിലിന്റെ മത്സരം. മുൻപ് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനായി 14 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഹർഭജൻ സിങ്, ശുഭ്മൻ ഗിൽ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിലും പങ്കെടുത്തിരുന്നു.

കോവിഡ് കാലത്ത് ഓസ്‌ട്രേലിയയിലുള്ള ബന്ധുവിനെ സന്ദർശിക്കാൻ എത്തിയ നിഖിൽ, ലോക്ക്ഡൗൺ കാരണം അന്താരാഷ്ട്ര അതിർത്തികൾ അടച്ചതോടെയാണ് കരിയർ ഓസ്ട്രേലിയയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ ഓസ്‌ട്രേലിയ - ബംഗ്ലാദേശ് ടി20 പരമ്പര ജൂൺ 17 മുതൽ 21 വരെയാണ് നടക്കുന്നത്.