49–ാം വയസ്സിൽ വിടവാങ്ങി ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ

 

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും പ്രമുഖ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന ഐ.എസ്.എസ്.എഫ് (ISSF) ലോകകപ്പിന് ശേഷം ഇന്ത്യൻ സംഘത്തോടൊപ്പം വിമാനത്തിൽ മടങ്ങുന്നതിനിടെയാണ് ജസ്പാൽ റാണയ്ക്ക് കടുത്ത നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. തുടർന്ന് ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മരണസമയത്ത് ഇന്ത്യൻ പിസ്റ്റൾ ഷൂട്ടിങ് ടീമിന്റെ ഹൈ-പെർഫോമൻസ് കോച്ചായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.

ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിന്റെ കോച്ചായ ജസ്‌പാൽ റാണ, താരത്തിന്റെ കരിയറിലെ ചരിത്ര നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയാണ്. 2024 പാരിസ് ഒളിംപിക്സിൽ മനു ഭാക്കർ ഇന്ത്യക്കായി രണ്ട് വെങ്കല മെഡലുകൾ നേടിയത് ജസ്പാലിന്റെ കടുപ്പമേറിയ പരിശീലനത്തിന് കീഴിലായിരുന്നു.

കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളായ ജസ്‌പാൽ റാണ, നാല് എഡിഷനുകളിലായി (1994, 1998, 2002, 2006) 9 സ്വർണ്ണവും 4 വെള്ളിയും 2 വെങ്കലവുമടക്കം ആകെ 15 മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. 2006-ലെ ദോഹ ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയ അദ്ദേഹം, 25 മീറ്റർ സെന്റർ ഫയർ പിസ്റ്റളിൽ ലോക റെക്കോർഡിനൊപ്പമെത്തി കായികലോകത്തെ ഞെട്ടിച്ചു. വെറും 18-ാം വയസ്സിൽ 1994-ലെ മിലാൻ ലോകചാംപ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡ് സ്കോറോടെ സ്വർണ്ണം നേടിയാണ് അദ്ദേഹം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. കായികരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് രാജ്യം ഇദ്ദേഹത്തെ 1994-ൽ അർജുന അവാർഡും, 1997-ൽ പത്മശ്രീയും, 2020-ൽ ദ്രോണാചാര്യ പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്. ജസ്പാൽ റാണയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഇന്ത്യൻ കായികലോകം കടുത്ത ഞെട്ടലിലും അനുശോചനത്തിലുമാണ്.