കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; പാരാ പവർ ലിഫ്റ്റിങ്ങിൽ ഝണ്ഡു കുമാറിന് വെങ്കലം

 

കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. പാരാ പവർ ലിഫ്റ്റിങ്ങിൽ 28-കാരനായ ഝണ്ഡു കുമാർ ഇന്ത്യക്കായി വെങ്കല മെഡൽ നേടി. പുരുഷന്മാരുടെ ഹെവിവെയ്റ്റ് വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം. ഈ വിഭാഗത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം സുധീർ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ആദ്യ ശ്രമത്തിൽ 181 കിലോയും രണ്ടാം ശ്രമത്തിൽ 190 കിലോയും ഭാരം ഉയർത്തിയ ഝണ്ഡുവിന് 196 കിലോ ഉയർത്താനുള്ള മൂന്നാം ശ്രമം പൂർത്തിയാക്കാനായില്ല. ആകെ 130.9 പോയിന്റ് കരസ്ഥമാക്കിയാണ് താരം വെങ്കലം ഉറപ്പിച്ചത്.

അതേസമയം, നീന്തലിലും ഇന്ത്യ മുന്നേറുകയാണ്. പുരുഷന്മാരുടെ 50 മീറ്റർ ബാക്‌സ്‌ട്രോക്കിൽ 25.52 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇന്ത്യൻ താരം ശ്രീഹരി നടരാജ് സെമി ഫൈനലിൽ പ്രവേശിച്ചു.