ഐപിഎല്‍ 2026 ധോണിയുടെ അവസാന സീസണായേക്കും
ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എം എസ് ധോണിയുടെ ഐപിഎല്‍ ഭാവിയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുന്‍ താരം റോബിന്‍ ഉത്തപ്പ. 2026 ഐപിഎല്‍ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞ ജേഴ്‌സിയില്‍ ധോണിയുടെ അവസാനത്തേതാകാന്‍ സാധ്യതയുണ്ടെന്ന് ഉത്തപ്പ അഭിപ്രായപ്പെട്ടു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകനായ ധോണി തന്റെ 19ാം സീസണിനുള്ള തയ്യാറെടുപ്പിലാണ്. ഈ സീസണില്‍ ധോണിയുടെ പങ്കില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് ഉത്തപ്പ നിരീക്ഷിക്കുന്നു.
ഉത്തപ്പ വിശദീകരിക്കുന്നതിങ്ങനെ… ''ഈ വര്‍ഷം ധോണി ഒരു മെന്റര്‍ പ്ലെയര്‍ എന്ന നിലയിലാകും കൂടുതല്‍ ശ്രദ്ധ നല്‍കുക. അദ്ദേഹം ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല, മറിച്ച് എട്ടാം നമ്പറിലേക്ക് മാറിയേക്കാം. വിരമിക്കലിന് മുന്നോടിയായി ടീമിലെ തന്റെ സാന്നിധ്യം കുറച്ചുകൊണ്ടുവരാനാകും അദ്ദേഹം ശ്രമിക്കുക. എങ്കില്‍ മാത്രമേ ഋതുരാജ് ഗെയ്ക്വാദ് എന്ന ക്യാപ്റ്റന്റെ പൂര്‍ണ്ണമായ കഴിവ് പുറത്തുവരൂ.'' ഉത്തപ്പ പറഞ്ഞു.