ഐപിഎൽ പൂരം ഇന്ന് മുതൽ; നിലവിലെ ചാമ്പ്യന്മാരായ ആർസിബിയും ഹൈദരാബാദും നേർക്കുനേർ

 

ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഐപിഎൽ ആവേശത്തിന് ഇന്ന് കൊടിയേറ്റം. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകീട്ട് 7.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. സ്റ്റാർ സ്പോർട്സ് ചാനലിലൂടെയും മൊബൈലിൽ ജിയോ ഹോട്ട്സ്റ്റാർ ആപ്പിലൂടെയും മത്സരം തത്സമയം കാണാൻ സാധിക്കും.

സാധാരണ ഐപിഎൽ സീസണുകൾ വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് തുടങ്ങാറുള്ളതെങ്കിലും ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരോടുള്ള ആദരസൂചകമായാണ് ബിസിസിഐ ഈ തീരുമാനം എടുത്തത്. ഇതിനുമുമ്പ് സുരക്ഷാ പ്രശ്നങ്ങൾ, ദേശീയ ദുരന്തങ്ങൾ, കോവിഡ് മഹാമാരി എന്നിവ കാരണം നാല് തവണ ഐപിഎൽ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്. പ്രൗഢഗംഭീരമായ ഉദ്ഘാടനം ഇത്തവണ ഇല്ലെങ്കിലും സീസൺ അവസാനം ഗംഭീരമായ സമാപന ചടങ്ങ് നടത്താൻ ബിസിസിഐ ലക്ഷ്യമിടുന്നുണ്ട്.

കഴിഞ്ഞ വർഷം കൊൽക്കത്തയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഷാരൂഖ് ഖാൻ, ശ്രേയ ഘോഷാൽ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ അണിനിരന്നിരുന്നു. എന്നാൽ ഇത്തവണ ആഘോഷങ്ങളില്ലാതെ നേരിട്ട് മത്സരത്തിലേക്ക് കടക്കുകയാണ്. ചാമ്പ്യൻ പട്ടം നിലനിർത്താൻ ആർസിബിയും കരുത്തുറ്റ പ്രകടനവുമായി ഹൈദരാബാദും ഇറങ്ങുമ്പോൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആവേശപ്പോരാട്ടം തന്നെ പ്രതീക്ഷിക്കാം.