ഐ.പി.എൽ ക്വാളിഫയർ 1: ഫൈനൽ ടിക്കറ്റിനായി ആർ.സി.ബിയും ഗുജറാത്തും ഇന്ന് നേർക്കുനേർ

 

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) ആദ്യ ക്വാളിഫയർ മത്സരത്തിൽ ഇന്ന് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയതിനാലാണ് ഇരു ടീമുകളും ഒന്നാം ക്വാളിഫയറിന് യോഗ്യത നേടിയത്.

ലീഗ് റൗണ്ടിൽ കളിച്ച 14 മത്സരങ്ങളിൽ 9 എണ്ണം വീതം ജയിച്ച ഇരു ടീമുകൾക്കും 18 പോയിന്റാണുള്ളത്. എന്നാൽ മെച്ചപ്പെട്ട നെറ്റ് റൺറേറ്റിന്റെ കരുത്തിലാണ് ആർ.സി.ബി ഒന്നാം സ്ഥാനക്കാരായത്. ഇന്ന് ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിൽ പ്രവേശിക്കാം. തോൽക്കുന്ന ടീമിന് ഫൈനലിലെത്താൻ ഒരു അവസരം കൂടി ലഭിക്കും. ബുധനാഴ്ച നടക്കുന്ന എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഇവർക്ക് മത്സരിക്കാം.

രജത് പാട്ടിദാർ നയിക്കുന്ന ആർ.സി.ബിക്ക് വിരാട് കോഹ്‌ലി, ഫിൽ സാൾട്ട്, ജേക്കബ് ബെത്തൽ, വെങ്കടേശ് അയ്യർ, ദേവ്ദത്ത് പടിക്കൽ, ടിം ഡേവിഡ് എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയുണ്ട്. ബൗളിങ്ങിൽ ഭുവനേശ്വർ കുമാർ, ജോഷ് ഹേസിൽവുഡ് എന്നിവരാണ് പ്രധാന കരുത്ത്.

മറുഭാഗത്ത് ശുഭ്മൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ പ്രധാന ശക്തി അവരുടെ ബൗളിങ് നിരയാണ്. മുഹമ്മദ് സിറാജ്, കാഗിസോ റബാദ, ജേസൺ ഹോൾഡർ, പ്രസിദ്ധ് കൃഷ്ണ എന്നിവർക്കൊപ്പം സ്പിന്നർ റാഷിദ് ഖാനും അണിനിരക്കുന്നു. ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഗില്ലിനൊപ്പം സായ് സുദർശൻ, ജോസ് ബട്ലർ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. ലീഗ് റൗണ്ടിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ ഓരോ ജയം വീതം പങ്കുവെച്ചിരുന്നു.

സാധ്യത പ്രവചന ടീം:

  • ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ലർ, രാഹുൽ തേവാതിയ, ഗ്ലെൻ ഫിലിപ്സ്, ഷാരൂഖ് ഖാൻ, വാഷിങ്ടൺ സുന്ദർ, റാഷിദ് ഖാൻ, മുഹമ്മദ് സിറാജ്, കാഗിസോ റബാദ, പ്രസിദ്ധ് കൃഷ്ണ. (ഇംപാക്ട് പ്ലെയർ: സായ് കിഷോർ/അർഷാദ് ഖാൻ)
  • റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു: രജത് പാട്ടിദാർ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, വെങ്കടേഷ് അയ്യർ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസിൽവുഡ്, നുവാൻ തുഷാര, സുയാഷ് ശർമ. (ഇംപാക്ട് പ്ലെയർ: ജിതേഷ് ശർമ/റാസിഖ് സലാം)