ഓസ്‌ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടാനുള്ള തീരുമാനം നാടകീയമായി പിൻവലിച്ച് ഇറാൻ
ഓസ്‌ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടാനുള്ള തീരുമാനം നാടകീയമായി പിൻവലിച്ച് ഇറാൻ ദേശീയ വനിതാ ഫുട്ബോൾ ടീമിലെ അഞ്ച് താരങ്ങൾ നാട്ടില്‍ തിരിച്ചെത്തി. ബുധനാഴ്ച ഉച്ചയോടെ ടർക്കി വഴി ഇറാൻ അതിർത്തി കടന്ന താരങ്ങളെ സർക്കാർ പ്രതിനിധികൾ സ്വീകരിച്ചു. ഏഷ്യൻ കപ്പ് ടൂർണമെന്‍റിനിടെയാണ് ടീമിലെ ഭൂരിഭാഗം താരങ്ങളും ഇറാനിലേക്ക് മടങ്ങാൻ വിസമ്മതിച്ച് ഓസ്‌ട്രേലിയൻ സർക്കാരിനോട് സംരക്ഷണം തേടിയത്.
മാർച്ച് 2-ന് നടന്ന ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇറാന്‍റെ ദേശീയ ഗാനം ആലപിച്ചപ്പോൾ താരങ്ങൾ നിശബ്ദത പാലിച്ചിരുന്നു. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് താരങ്ങൾ നിശബ്ദത പാലിച്ചത്. ഇതിനുപിന്നാലെ ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലുകൾ താരങ്ങളെ 'രാജ്യദ്രോഹികൾ' എന്ന് വിളിക്കുകയും അവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെയാണ് ജീവന് ഭീഷണിയുണ്ടെന്ന് ഭയന്ന് താരങ്ങൾ ഓസ്‌ട്രേലിയയിൽ മാനുഷിക വിസയ്ക്കായി അപേക്ഷിച്ചത്.
താരങ്ങൾ ഗോൾഡ് കോസ്റ്റിലെ ഹോട്ടലിൽ നിന്ന് രഹസ്യമായി പോലീസ് സംരക്ഷണത്തിലേക്ക് മാറിയിരുന്നു. ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് നേരിട്ട് ഇടപെട്ട് ഇവർക്ക് വിസ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് അഞ്ച് താരങ്ങൾ തങ്ങളുടെ തീരുമാനം മാറ്റുകയായിരുന്നു. ക്യാപ്റ്റൻ സെഹ്‌റ ഘൻബരി, സെഹ്‌റ സുൽത്താൻ മെഷ്കെഹ്‌കർ, മോന ഹമൂദി, സെഹ്‌റ സർബാലി എന്നിവരാണ് മടങ്ങാൻ തീരുമാനിച്ച പ്രമുഖർ. അതേസമയം, സംഘത്തിലുണ്ടായിരുന്ന രണ്ട് താരങ്ങൾ ഇപ്പോഴും ഓസ്‌ട്രേലിയയിൽ തന്നെ തുടരുകയാണ്.
താരങ്ങളുടെ കുടുംബാംഗങ്ങളെ ഇറാൻ അധികൃതർ ഭീഷണിപ്പെടുത്തിയതാകാം പെട്ടെന്നുള്ള ഈ തീരുമാന മാറ്റത്തിന് പിന്നിലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ, ഇറാൻ കായിക മന്ത്രാലയം ഈ ആരോപണങ്ങൾ തള്ളി. താരങ്ങളുടെ ദേശസ്‌നേഹവും ദേശീയ വീര്യവും കാരണമാണ് ശത്രുക്കളുടെ പദ്ധതികൾ തകർന്നതെന്നാണ് സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം. ഓസ്‌ട്രേലിയൻ സർക്കാർ രാഷ്ട്രീയ കളി നടത്തുകയാണെന്നും ഇറാൻ ആരോപിച്ചു. മലേഷ്യയും ഒമാനും കടന്ന് അതീവ സുരക്ഷയിലാണ് താരങ്ങൾ ഇറാനിലെത്തിയത്. തിരിച്ചെത്തിയ താരങ്ങൾക്ക് നേരെ ഇറാൻ സർക്കാർ എന്ത് നടപടിയാകും സ്വീകരിക്കുക എന്ന കാര്യത്തിൽ രാജ്യാന്തര സമൂഹം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.