ഇഷാൻ കിഷൻ ഏകദിന ടീമിൽ, സഞ്ജുവില്ല; ടെസ്റ്റിൽ രാഹുൽ ഉപനായകൻ
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടെസ്റ്റ് മത്സരങ്ങളടങ്ങിയതാണ് പരമ്പര. ശുഭ്മാൻ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് ടീമിൽ ഋഷഭ് പന്തിന് പകരം കെ.എൽ. രാഹുലാണ് ഉപനായകൻ. ചൊവ്വാഴ്ച ഗുവാഹാത്തിയിൽ നടന്ന സെലക്ഷൻ കമ്മിറ്റി മീറ്റിങ്ങിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്.
ശുഭ്മാൻ ഗില്ലിന് പുറമേ യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ എന്നിവർ ടെസ്റ്റ് ടീമിലുണ്ട്. ഋഷഭ് പന്ത് ടീമിലുണ്ടെങ്കിലും ഉപനായകസ്ഥാനത്തിൽ നിന്ന് മാറ്റി. പകരം രാഹുലാണ് വൈസ് ക്യാപ്റ്റൻ. ഗുർനൂർ ബ്രാർ, ഹർഷ് ദുബെ, മാനവ് സുധർ എന്നിവരും ടെസ്റ്റ് ടീമിലിടം നേടി. ഇവർ ആദ്യമായാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ജസ്പ്രീത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും വിശ്രമം അനുവദിച്ചു.
അതേസമയം ഏകദിന ടീമിൽ വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ എന്നിവരുണ്ട്. ശ്രേയസ്സാണ് ഉപനായകൻ. രോഹിത് ശർമയേയും ഹാർദിക് പാണ്ഡ്യയെയും ടീമിലുൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ കളിക്കുകയുള്ളൂ. മലയാളി താരം സഞ്ജു സാംസൺ ഏകദിന ടീമിലില്ല. പകരം വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനെയാണ് പരിഗണിച്ചത്. പേസർ ജസ്പ്രീത് ബുംറ ടെസ്റ്റ്, ഏകദിന ടീമിലില്ല. താരത്തിന് വിശ്രമം അനുവദിച്ചു. ഒരു ടെസ്റ്റ് മത്സരവും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്.
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യൻ ടെസ്റ്റ് ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), സായ് സുദർശൻ, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറെൽ, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, കുൽദീപ്. യാദവ്, നിതീഷ് കുമാർ റെഡ്ഡി, മാനവ് സുധർ, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, അർഷ്ദീപ് സിങ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ്. യാദവ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ