റിഷഭ് പന്തിൻറെ പകരക്കാരനാവാൻ ഇഷാൻ കിഷനില്ല, പകരം പരിഗണിക്കുന്നത് തമിഴ്‌നാട് താരത്തെ
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ പരിക്കേറ്റ റിഷഭ് പന്തിൻറെ പകരക്കാരനാവാൻ ഇഷാൻ കിഷനില്ല. റിഷഭ് പന്തിന് പരിക്കേറ്റ പശ്ചാത്തലത്തിൽ പകരക്കാരനായി ഇഷാൻ കിഷനെ ചീഫ് സെലക്ടർ അജിത് അഗാർക്കർ ബന്ധപ്പെട്ടെങ്കിലും കണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാൽ ടീമിനൊപ്പം ചേരാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ധ്രുവ് ജുറെലിനെ പ്ലേയിംഗ് ഇലവനിൽ കളിപ്പിക്കുമ്പോൾ രണ്ടാം വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് സെലക്ഷൻ കമ്മിറ്റി.
അടുത്തിടെ കൗണ്ടി ക്രിക്കറ്റിൽ കളിച്ച ഇഷാൻ കിഷൻ 2023ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആണ് ഇന്ത്യക്കായി അവസാനം ടെസ്റ്റിൽ കളിച്ചത്. എന്നാൽ കൗണ്ടി ക്രിക്കറ്റിൽ കളിച്ചശേഷം നാട്ടിൽ തിരിച്ചെത്തിയ കിഷൻ സ്‌കൂട്ടിയിൽ നിന്ന് വീണ് കാലിൽ പരിക്കേറ്റ് ഇടം കാലിൽ 10 തുന്നലുകളിട്ട് വിശ്രമത്തിലാണ് എന്നാണ് റിപ്പോർട്ട്.
ഇഷാൻ കിഷനെ പരിഗണിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തമിഴ്‌നാട് വിക്കറ്റ് കീപ്പറായ എൻ ജഗദീശനെ അവസാന ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ട്. തമിഴ്‌നാടിനായി 52 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ജഗദീശൻ 47.50 ശരാശരിയിൽ 10 സെഞ്ചുറികളും 14 അർധസെഞ്ചുറികളും അടക്കം 3373 റൺസടിച്ചിട്ടുണ്ട്. കഴിഞ്ഞ രഞ്ജി സീസണിൽ രണ്ട് സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും അടക്കം 56.16 ശരാശരിയിൽ 674 റൺസും ജഗദീശൻ നേടി. കഴിഞ്ഞ രഞ്ജി സീസണിൽ വിക്കറ്റ് കീപ്പർമാരിൽ വിദർഭയുടെ അക്ഷയ് വാഡ്കർ മാത്രമാണ് ജഗദീശനെക്കാൾ റൺ നേടിയ ബാറ്റർ. ഐപിഎല്ലിൽ രണ്ട് സീസണുകളിലായി കൊൽക്കത്തക്കുവേണ്ടി 73 റൺസും ചെന്നൈക്കും വേണ്ടി 89 റൺസും ജഗദീശൻ നേടി. ജൂലൈ 31 മുതൽ കെന്നിംഗ്ടൺ ഓവലിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്.