ടി20 റാങ്കിംഗിൽ ഇഷാൻ കിഷൻ ഒന്നാമത്; അഭിഷേകിന് ഒന്നാം സ്ഥാനം നഷ്ടമായി, സഞ്ജുവിന് തിരിച്ചടി
ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ടി20, ടെസ്റ്റ് റാങ്കിംഗുകളിൽ വൻ അഴിച്ചുപണി. ദീർഘനാളായി ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയ്ക്ക് സ്ഥാനം നഷ്ടമായി. അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം പുറത്തുവന്ന റാങ്കിംഗിൽ ഒരു സ്ഥാനം താഴേക്കിറങ്ങി അഭിഷേക് രണ്ടാം സ്ഥാനത്തായി.
അഭിഷേകിന് സ്ഥാനം നഷ്ടമായപ്പോൾ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗോടെ (876 പോയിന്റ്) സഹതാരം ഇഷാൻ കിഷൻ ലോക ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാനായി ചരിത്രനേട്ടം സ്വന്തമാക്കി. വിരാട് കോലി, സുരേഷ് റെയ്ന, സൂര്യകുമാർ യാദവ്, അഭിഷേക് ശർമ എന്നിവർക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ഇഷാൻ കിഷൻ. ഈ വർഷം നടന്ന ടി20 ലോകകപ്പിൽ 200 സ്ട്രൈക്ക് റേറ്റിൽ 317 റൺസ് അടിച്ചുകൂട്ടിയതാണ് കിഷന് തുണയായത്. അതേസമയം, അയർലൻഡ് പരമ്പരയിൽ തിളങ്ങാൻ കഴിയാതിരുന്ന മലയാളി താരം സഞ്ജു സാംസണ് അഞ്ച് സ്ഥാനങ്ങൾ നഷ്ടമായി 26-ാം റാങ്കിലേക്ക് വീണു. സൂര്യകുമാർ യാദവ് ഒരു സ്ഥാനം താഴേക്കിറങ്ങി എട്ടാമതാണ്.
ടെസ്റ്റിൽ തലപ്പത്തേക്ക് ട്രാവിസ് ഹെഡും ബുംറയും
ടെസ്റ്റ് റാങ്കിംഗിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനെ പിന്തള്ളി ഓസ്‌ട്രേലിയൻ സൂപ്പർ താരം ട്രാവിസ് ഹെഡ് കരിയറിലാദ്യമായി ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനായി ഉയർന്നു. ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്കും ജോ റൂട്ടും നിറംമങ്ങിയതാണ് ഹെഡിന് വഴിത്തിരിവായത്.
ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യൻ പേസ് കരുത്ത് ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കിവീസ് ഫാസ്റ്റ് ബൗളർ മാറ്റ് ഹെൻറി രണ്ടാം സ്ഥാനത്തേക്ക് വീണതോടെയാണ് ബുംറ വീണ്ടും ലോക ഒന്നാമനായത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തോടെയാണ് കരിയർ അവസാനിപ്പിച്ചത്; ഈ പട്ടികയിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് ഒന്നാമത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയത്തിന് പിന്നാലെ കിവീസ് താരങ്ങളായ രചിൻ രവീന്ദ്ര (7), ഡാരിൽ മിച്ചൽ (11), ഡെവൺ കോൺവേ (15) എന്നിവരും വലിയ മുന്നേറ്റം നടത്തി.