ഐ.എസ്.എൽ: കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽവി

 

ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഉജ്ജ്വല വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിനെ നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ ഇന്റർ കാശി എഫ്‌സിയെ തോൽപ്പിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം താളം കണ്ടെത്താനാവാതെ പോയ മത്സരത്തിൽ വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ നോർത്ത് ഈസ്റ്റിനായി മൊറോക്കൻ താരം അലാദ്ദീൻ അജറൈ ഇരട്ടഗോൾ നേടി തിളങ്ങി. സ്പാനിഷ് താരം അന്റോണിയോ മൊയാനോ, മലയാളി യുവതാരം അമൻ സി.കെ എന്നിവരും നോർത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ആശ്വാസ ഗോൾ നേടിയത് മോമോ യാൻസാനയാണ്.

കളിയുടെ 15-ാം മിനിറ്റിൽ അജറൈയിലൂടെ നോർത്ത് ഈസ്റ്റ് അക്കൗണ്ട് തുറന്നു. പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അന്റോണിയോ മൊയാനോ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങളുടെ ഫലമായി 60-ാം മിനിറ്റിൽ മോമോ യാൻസാന ഗോൾ മടക്കി. എന്നാൽ ആ ആവേശത്തിന് അധികം ആയുസുണ്ടായിരുന്നില്ല. 70-ാം മിനിറ്റിൽ അജറൈ വീണ്ടും ലക്ഷ്യം കണ്ടതോടെ നോർത്ത് ഈസ്റ്റ് 3-1ന് മുന്നിലെത്തി. ഒടുവിൽ 82-ാം മിനിറ്റിൽ അമൻ സി.കെ കൂടെ ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് ആറ് പോയിന്റോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. മൂന്ന് പോയിന്റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ആറാം സ്ഥാനത്താണ്.