ഐഎസ്എല്‍ അടച്ചുപൂട്ടലിന്റെ വക്കില്‍, ആശങ്കയറിയിച്ച് ക്ലബ്ബുകള്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടച്ചുപൂട്ടലിന്റെ വക്കിലെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും, ഭാവിയില്‍ വ്യക്തത ലഭിച്ചില്ലെങ്കില്‍ ലീഗിനൊപ്പം തുടരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ക്ലബ്ബുകള്‍ മുന്നറിയിപ്പ് നല്‍കി.ഐഎസ്എല്ലിന്റെ വരാനിരിക്കുന്ന പുതിയ സീസണിന്റെ ഘടനയിലും നടത്തിപ്പിലും അടിയന്തരമായി വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ലീഗിലെ മുഴുവന്‍ ക്ലബ്ബുകളും ചേര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്) സംയുക്ത പ്രസ്താവന അയച്ചു.
കേരള ബ്ലാസ്റ്റേഴ്സ് മുമ്പ് തന്നെ അടച്ചുപൂട്ടല്‍ സൂചന പരസ്യമായി പങ്കുവച്ചിരുന്നു. ഐഎസ്എല്‍ ഈ വിധത്തില്‍ പോയാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സംയുക്ത പ്രസ്താവ കേരള ബ്ലാസ്റ്റേഴ്സ് അടക്കം നാല് ക്ലബ്ബുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം, ഭാവിയെന്തന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍, ഓപ്പറേഷണലും സാമ്പത്തികവുമായ പ്രതിസന്ധികള്‍ തുടങ്ങിയവയാണ് സംയുക്ത പ്രസ്താവനയിറക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് ക്ലബ്ബുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സീസണില്‍ 14 ക്ലബ്ബുകള്‍ക്ക് വെറും 13 മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ഈ അസ്വാഭാവികമായ ലീഗ് ഘടന വലിയ സാമ്പത്തിക നഷ്ടവും നിരാശയുമാണ് സമ്മാനിച്ചതെന്ന് ക്ലബ്ബുകള്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു