പരിക്കേറ്റ ജേക്കബ് ബെഥേൽ ഐ.പി.എല്ലിൽ നിന്ന് പുറത്ത്; ആർ.സി.ബിക്ക് തിരിച്ചടി

 

ഐ.പി.എൽ പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങാനിരിക്കെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ജേക്കബ് ബെഥേൽ പുറത്തായി. വിരലിന് പരിക്കേറ്റ ഇംഗ്ലീഷ് ബാറ്റർക്ക് ഈ സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെ നടന്ന അവസാന ലീഗ് മത്സരത്തിലും ബെഥേൽ കളിച്ചിരുന്നില്ല. താരം തുടർചികിത്സകൾക്കായി ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് മടങ്ങും. പ്ലേ ഓഫിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ ഒരുങ്ങുന്ന ആർ.സി.ബിക്ക് ഇത് വലിയ തിരിച്ചടിയാണ്.

പഞ്ചാബ് കിങ്സുമായുള്ള മത്സരത്തിനിടെ ഡൈവ് ചെയ്ത് ക്യാച്ച് എടുക്കാൻ ശ്രമിക്കുമ്പോഴാണ് ബെഥേലിന്റെ ഇടത് മോതിരവിരലിന് പരിക്കേറ്റത്. വരാനിരിക്കുന്ന ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി പരിക്ക് ഭേദമാക്കാൻ വേണ്ടിയാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അവസാന ലീഗ് മത്സരത്തിൽ ഹൈദരാബാദിനോട് തോറ്റെങ്കിലും, രജത് പടിദാറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ആർ.സി.ബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് പ്ലേഓഫിൽ കടന്നത്.

അതേസമയം, ആദ്യ പ്ലേഓഫ് മത്സരത്തിൽ ഓപ്പണർ ഫിൽ സാൾട്ട് ആർ.സി.ബി നിരയിലേക്ക് തിരിച്ചെത്തുന്നത് ടീമിന് ആശ്വാസമാകും. കഴിഞ്ഞ മത്സരത്തിൽ സാൾട്ടിന് പകരം വെങ്കിടേഷ് അയ്യർ ആണ് ഓപ്പണറായി ഇറങ്ങിയത്. താരം 19 പന്തിൽ 44 റൺസ് നേടി മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ സാൾട്ട് മടങ്ങിയെത്തുന്നതോടെ വെങ്കിടേഷ് അയ്യർ മധ്യനിരയിലേക്ക് മാറാനാണ് സാധ്യത.