വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 101 റണ്‍സിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുമ്ര. ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബൗളറായ ബുമ്ര ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളറുമായി. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്ക് ഇറങ്ങുമ്പോള്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു ബുമ്രക്ക് 100 വിക്കറ്റ് തികയ്ക്കാന്‍ വേണ്ടിയിരുന്നത്.
ഓപ്പണിംഗ് സ്പെല്ലില്‍ വിക്കറ്റെടുക്കാന്‍ ബുമ്രക്ക് കഴിഞ്ഞിരുന്നില്ല, ബുമ്രയുടെ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മാര്‍ക്രം നല്‍കിയ ക്യാച്ച് ബൗണ്ടറിയില്‍ ശിവം ദുബെ കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം തെറ്റി ബൗണ്ടറിക്ക് പുറത്തുപോയതോടെ സിക്സായി.ബുമ്രയുടെ രണ്ടാം ഓവറില്‍ മാര്‍ക്രം ഫോറും സിക്സും നേടിയതോടെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ബുമ്രയുടെ ആദ്യ സ്പെല്‍ അവസാനിപ്പിച്ചു. പിന്നീട് ദക്ഷിണാഫ്രിക്ക 10 ഓവറില്‍ 68-6 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോഴാണ് ബുമ്ര രണ്ടാം സ്പെല്ലിന് എത്തിയത്. രണ്ടാം പന്തില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായ ഡെവാള്‍ഡ് ബ്രെവിസിനെ മടക്കിയ ബുമ്ര 100 വിക്കറ്റ് നേട്ടം തികച്ചു. ഒപ്പം മൂന്ന് ഫോര്‍മാറ്റിലും 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളറുമായി. ബുമ്രയുടെ പന്ത് നോ ബോളാണോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും റീപ്ലേ പരിശോധിച്ച ടിവി അമ്പയര്‍ അത് നോ ബോള്‍ വിളിച്ചില്ല.