ദി ഹൺഡ്രഡ് ക്രിക്കറ്റ്: പാക് താരം ഫാത്തിമ സനയെ ആലിംഗനം ചെയ്ത് ജെമിമ റോഡ്രിഗസ്; ദൃശ്യങ്ങൾ വൈറൽ

 

ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹൺഡ്രഡ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിനിടെ പാകിസ്താൻ താരം ഫാത്തിമ സനയുമായി സൗഹൃദം പങ്കിട്ട് ഇന്ത്യൻ താരം ജെമിമ റോഡ്രിഗസ്. സതേൺ ബ്രേവും ബർമിങ്ങാം ഫീനിക്‌സും തമ്മിൽ നടന്ന മത്സരത്തിന് ശേഷമായിരുന്നു സംഭവം. കളിക്കാർ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ ഫാത്തിമയും ജെമിമയും ആലിംഗനം ചെയ്യുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യ-പാക് താരങ്ങൾ തമ്മിൽ ഗ്രൗണ്ടിൽ ഹസ്തദാനം ചെയ്യുകയോ ആശയവിനിമയം നടത്തുകയോ ചെയ്യുന്ന പതിവ് നിർത്തിവെച്ചിരുന്നു. അടുത്തിടെ നടന്ന ഏഷ്യാ കപ്പിലടക്കം ടോസ് സമയത്തും മത്സര ശേഷവും ഇന്ത്യൻ ക്യാപ്റ്റനോ കളിക്കാരോ പാക് താരങ്ങൾക്ക് കൈകൊടുക്കാൻ തയ്യാറായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ജെമിമയുടെയും ഫാത്തിമ സനയുടെയും ഈ സൗഹൃദ നിമിഷം കായികപ്രേമികളുടെ ശ്രദ്ധ നേടുന്നത്.