ശ്രീശാന്തിനേര്‍പ്പെടുത്തിയ 3 വര്‍ഷ വിലക്ക് പിൻവലിച്ച് കെസിഎ

 

 

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെസിഎ) നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. കെസിഎ ഭാരവാഹികൾക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നൽകിയതിനെത്തുടർന്നാണ് നടപടി. കേരള ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ ഈ നിർണായക തീരുമാനം വന്നിരിക്കുന്നത്.
കഴിഞ്ഞ കെസിഎൽ സീസൺ മത്സരങ്ങൾക്ക് തൊട്ടുമുമ്പായിരുന്നു ദൃശ്യ-സമൂഹ മാധ്യമങ്ങളിലൂടെ അസോസിയേഷന് അപകീർത്തി വരുത്തുന്ന രീതിയിൽ സംസാരിച്ചതിന് ശ്രീശാന്തിന് കെസിഎ വിലക്കേർപ്പെടുത്തിയത്. സഞ്ജു സാംസണെ പിന്തുണച്ചുകൊണ്ട് കെസിഎ നേതൃത്വത്തിനെതിരെ താരം കടുത്ത ഭാഷയിൽ രംഗത്തുവന്നിരുന്നു. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് അസോസിയേഷന് മുന്നിൽ ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിക്കാൻ ശ്രീശാന്ത് തയ്യാറായത്.