കെ.സി.എ പിങ്ക് വനിതാ ടി20 ചാംപ്യൻഷിപ്പ്: റൂബീസിനും പേൾസിനും വിജയം
കെ.സി.എ (KCA) പിങ്ക് വനിതാ ടി20 ചലഞ്ചേഴ്സ് ചാംപ്യൻഷിപ്പിൽ റൂബീസിനും പേൾസിനും വിജയം. സഫയറിനെ അഞ്ച് റൺസിന് തോൽപ്പിച്ച് റൂബീസ് തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയപ്പോൾ, മറ്റൊരു മത്സരത്തിൽ ആംബറിനെ ഏഴ് റൺസിന് പേൾസ് കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത പേൾസ് അക്ഷയയുടെയും (34) അഷിമ ആന്റണിയുടെയും (39) ബാറ്റിങ് കരുത്തിൽ 20 ഓവറിൽ 5 വിക്കറ്റിന് 110 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആംബറിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുക്കാനേ സാധിച്ചുള്ളൂ. 2 വിക്കറ്റും 39 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്ത പേൾസിന്റെ അഷിമ ആന്റണിയാണ് പ്ലെയർ ഓഫ് ദി മാച്ച്.
മറ്റൊരു മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റൂബീസ്, ദിയ ഗിരീഷിന്റെ അർധസെഞ്ചുറി മികവിൽ (61*) 20 ഓവറിൽ 5 വിക്കറ്റിന് 121 റൺസ് ഉയർത്തി. മറുപടിക്കിറങ്ങിയ സഫയറിന് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയലക്ഷ്മി ദേവ് (29*) റൂബീസിനായി പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. റൂബീസിനായി ആശ ശോഭന രണ്ട് വിക്കറ്റെടുത്തു. ദിയ ഗിരീഷാണ് മത്സരത്തിലെ താരം.