കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ അമരക്കാരൻ; ആഷ്‌ലി വെസ്റ്റ്‌വുഡ് മുഖ്യപരിശീലകൻ
ഐഎസ്എല്ലിലെ തിരിച്ചടികൾക്ക് പിന്നാലെ നിർണ്ണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിൻ്റെ പുതിയ മുഖ്യപരിശീലകനായി ആഷ്‌ലി വെസ്റ്റ്‌വുഡിനെ നിയമിച്ചു. ഈ സീസൺ അവസാനം വരെയാണ് നിയമനമെന്ന് ക്ലബ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. പ്രകടനം മോശമായതിനെത്തുടർന്ന് സ്ഥാനം ഒഴിഞ്ഞ ഡേവിഡ് കറ്റാലയ്ക്ക് പകരക്കാരനായാണ് വെസ്റ്റ്‌വുഡ് എത്തുന്നത്.
സൂപ്പർ കപ്പിലെ മികച്ച തുടക്കത്തിന് ശേഷം ഐഎസ്എല്ലിൽ ടീം നേരിട്ട കടുത്ത പ്രതിസന്ധികളാണ് കറ്റാലയുടെ പുറത്തുപോക്കിന് കാരണമായത്. സീസൺ വൈകിയതും അഡ്രിയാൻ ലൂണ, ഹെസൂസ് ഹിമെനെസ്, നോവ സദൂയി തുടങ്ങിയ പ്രമുഖ താരങ്ങൾ ടീം വിട്ടതും കറ്റാലയുടെ തന്ത്രങ്ങൾ പിഴക്കാൻ കാരണമായി. ക്ലബ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും സൂപ്പർ കപ്പിൽ തിളങ്ങിയ കോൾദോ ഒബെയ്റ്റയെപ്പോലുള്ള വിദേശ താരങ്ങളുടെ മടക്കവും ബ്ലാസ്റ്റേഴ്‌സിനെ തളർത്തിയിരുന്നു. ഈ സാഹചര്യത്തിൽ ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കുക എന്ന വലിയ ദൗത്യമാണ് വെസ്റ്റ്‌വുഡിന് മുന്നിലുള്ളത്.