സലാഹുദ്ദീൻ അദ്നാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
മലയാളി താരം സലാഹുദ്ദീൻ അദ്നാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിൽ നിന്നാണ് ഈ വിങ്ങർ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മുമ്പ് ബ്ലാസ്റ്റേഴ്‌സ് യൂത്ത് സിസ്റ്റത്തിന്‍റെ ഭാഗമായിരുന്ന സലാഹുദ്ദീന്‍റെ പഴയ തട്ടകത്തിലേക്ക് ഉള്ള തിരിച്ചു വരവ് കൂടിയാണിത്, സലാഹുദ്ദീന്‍റെ വരവ് ടീമിന്‍റെ ആക്രമണനിരയ്ക്ക് പുതിയ ഉണർവ് നൽകും.
വേഗതയേറിയ കളിശൈലിയും കളിക്കളത്തിലെ കഠിനാധ്വാനവും ആണ് വിങ്ങുകളിൽ സലാഹുദ്ദീനെ ശ്രദ്ധേയനാക്കുന്നത്. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്‍റെ മികവ് ടീമിന്‍റെ മുന്നേറ്റങ്ങളിൽ ഗുണകരമാകും.
സലാഹുദ്ദീനെ വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. കഠിനാധ്വാനം ചെയ്യാൻ താൽപര്യമുള്ള യുവതാരമാണ് അദ്ദേഹം. ഞങ്ങളോടൊപ്പം വളരാനും ടീമിന് മികച്ച സംഭാവനകൾ നൽകാനും അദ്ദേഹത്തിന് സാധിക്കുമെന്നുമാണ് വിശ്വസിക്കുന്നുവെന്നും അഭിക് ചാറ്റര്‍ജി വ്യക്തമാക്കി.