കേരള ക്രിക്കറ്റ് ലീഗ്: ഏരീസ് കൊല്ലം സെയിലേഴ്സിനെ തോൽപ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ വി.ജെ.ഡി (VJD) നിയമപ്രകാരം 21 റൺസിന് തോൽപ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ജയം തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റിന് 195 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ കൊല്ലം 15 ഓവറിൽ ആറ് വിക്കറ്റിന് 129 റൺസെടുത്ത് നിൽക്കെ മഴയെ തുടർന്ന് മത്സരം തടസ്സപ്പെടുകയും കാലിക്കറ്റിനെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.
ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെയും (21 പന്തിൽ 58) അഖിൽ സ്കറിയയുടെയും (56*) അർധ സെഞ്ച്വറികളാണ് കാലിക്കറ്റിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച കൃഷ്ണദേവൻ 16 പന്തിൽ 39 റൺസോടെ പുറത്താകാതെ നിന്നു. രോഹൻ കുന്നുമ്മലാണ് മത്സരത്തിലെ താരം. കൊല്ലത്തിനായി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് വേണ്ടി ഓപ്പണർ അരുൺ പൗലോസ് (37) മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര പതറിയതോടെ സ്കോറിംഗ് മന്ദഗതിയിലായി. തുടർന്ന് മഴ എത്തുമ്പോൾ അർജുൻ വേണുഗോപാലും (16) വിജയ് വിശ്വനാഥും (8) ആയിരുന്നു ക്രീസിൽ. കാലിക്കറ്റിനായി അഖിൽ സത്താർ രണ്ട് വിക്കറ്റ് നേടി.