കേരള ക്രിക്കറ്റ് ലീഗ്: നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയെ തകർത്ത് തൃശൂർ ടൈറ്റൻസ്

 

കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോൽപ്പിച്ച് തൃശൂർ ടൈറ്റൻസ് നാല് വിക്കറ്റിന്റെ ആവേശകരമായ വിജയം സ്വന്തമാക്കി. തോൽവിയുടെ വക്കിൽ നിന്ന് കൗമാരതാരങ്ങളായ കെ.ആർ. രോഹിത്, മൊഹമ്മദ് ഇനാൻ എന്നിവരുടെ മികച്ച പ്രകടനമാണ് തൃശൂരിന് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ ആറ് വിക്കറ്റിന് 172 റൺസെടുത്തു. എന്നാൽ മഴയെ തുടർന്ന് തൃശൂരിന്റെ വിജയലക്ഷ്യം ഒൻപത് ഓവറിൽ 83 റൺസായി പുതുക്കി നിശ്ചയിക്കുകയായിരുന്നു. തൃശൂർ നാല് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി.

കൊച്ചിക്കായി ജോബിൻ ജോബി (33), വിനൂപ് മനോഹരൻ (33) എന്നിവർ തകർപ്പൻ തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നു. തുടർന്ന് അവസാന ഓവറുകളിൽ തകർത്തടിച്ച സച്ചിൻ സുരേഷ് (23*), ആൽഫി ഫ്രാൻസിസ് ജോൺ (27*) എന്നിവരുടെ പ്രകടനമാണ് കൊച്ചിയെ 172-ൽ എത്തിച്ചത്. തൃശൂരിനായി എം.എസ്. അഖിലും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ കെ.ആർ. രോഹിത് (35) തൃശൂരിന് നല്ല തുടക്കം നൽകിയെങ്കിലും മഴയ്ക്ക് ശേഷം തുടരെ വിക്കറ്റുകൾ വീണതോടെ തൃശൂർ ആറിന് 56 എന്ന നിലയിൽ തകർന്നു. തുടർന്ന് ക്രീസിലെത്തിയ മൊഹമ്മദ് ഇനാൻ, ബേസിൽ തമ്പി എറിഞ്ഞ എട്ടാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറുമടിച്ച് മത്സരം തൃശൂരിന് അനുകൂലമാക്കുകയായിരുന്നു. ഇനാൻ 18 റൺസോടെയും എം.എസ്. അഖിൽ 16 റൺസോടെയും പുറത്താകാതെ നിന്നു.