കളം നിറഞ്ഞ് കോഹ്ലി; ന്യൂസിലൻഡിനെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

 

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം. രണ്ട് തവണ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് ശുഭ്മാൻ ഗില്ലും സംഘവും വിജയം സ്വന്തമാക്കിയത്. ഓക്‌ലൻഡ് ഈഡൻ പാർക്കിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 40.2 ഓവറിൽ 185 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മഴയെത്തുടർന്ന് പലതവണയായി ലക്ഷ്യം ചുരുക്കിയെങ്കിലും ഇന്ത്യ 22.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വെറും 51 പന്തിൽ നിന്ന് ഒരു സിക്സും 13 ഫോറുമടക്കം 74 റൺസ് വാരിയ വിരാട് കോഹ്ലിയുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് തിരിച്ചടിയേറ്റിരുന്നു. ആദ്യ ഓവറിൽ തന്നെ അക്കൗണ്ട് തുറക്കും മുൻപ് രോഹിത് ശർമ്മയെ (0) കെയ്ല് ജാമിസൺ പുറത്താക്കി. തുടർന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (37) വിരാട് കോഹ്ലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 113 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ മഴയ്ക്ക് ശേഷം 19-ാം ഓവറിൽ ഗില്ലിനെ നഷ്ടമായി. തുടർന്ന് ജേക്കബ് ഡഫിയെറിഞ്ഞ തൊട്ടടുത്ത ഓവറിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. വിരാട് കോഹ്ലിയെയും അക്‌സര്‍ പട്ടേലിനെയും (0) അടുത്തടുത്ത പന്തുകളിൽ ഡഫി പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യർക്കും (15) തിളങ്ങാനാവാതെ മടങ്ങേണ്ടി വന്നതോടെ ഇന്ത്യ അഞ്ചിന് 136 റൺസ് എന്ന നിലയിലേക്ക് തകർന്നു. എങ്കിലും പിന്നീട് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ കെ.എൽ. രാഹുലും (3*) നമൻ ധിറും (5*) ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. കിവീസിനായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ ഇന്ത്യൻ പേസർമാർ എറിഞ്ഞിടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങാണ് കിവീസിന്റെ തകർച്ച വേഗത്തിലാക്കിയത്. ഗുർനൂർ ബ്രാർ മൂന്നും അൻഷുൽ കാംബോജ് രണ്ടും വിക്കറ്റ് വീഴ്ത്തി മികച്ച പിന്തുണ നൽകി. 38 റൺസ് എടുത്ത ടിം സീഫെർട്ടാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ തകർത്തടിച്ച ബ്ലെയർ ടിക്‌നർ (23 പന്തിൽ 34*) ആണ് ആതിഥേയർക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. ഗ്ലെൻ ഫിലിപ്സ് 30 റൺസ് നേടി. ഈ മത്സരത്തിലൂടെ ആക്വിബ് നബി ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു.

പ്ലേയിങ് ഇലവൻ:

ന്യൂസിലൻഡ്: ടിം സൈഫർട്ട്, വില്‍ യങ്, ഹെന്റി നിക്കോൾസ്, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്‍, ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്‌നര്‍.

ഇന്ത്യ: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കംബോജ്, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്.